തൃശൂർ: റെയിൽവേ യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തെർമ്മൽ കാമറകൾ സ്ഥാപിക്കുന്നു. പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്‌സ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പത്ത് ലക്ഷം രൂപ ചെലവിൽ രണ്ട് കാമറകൾ സ്ഥാപിക്കുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റെയിൽവേ യാത്രികർക്ക് പനിയുണ്ടോ എന്ന് ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ തിരിച്ചറിയുന്നതിനാണ് കാമറ. കാമറയ്ക്ക് മുൻപിലൂടെ കടന്നുപോകുമ്പോൾ ശരീരോഷ്മാവ് അധികമുണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയും. റെയിൽവേ സ്‌റ്റേഷന്റെ രണ്ട് കവാടത്തിലും ക്യാമറകൾ സ്ഥാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി.വി മധുസൂധനും സംസ്ഥാന സെക്രട്ടറി വിനോദ് ചേലക്കരയും അറിയിച്ചു.