തൃശുർ: മുഴുവൻ സീറ്റുകളിലും ഇരുന്നു പോകാനുള്ള ഇളവ് ലഭിച്ചെങ്കിലും സ്വകാര്യ ബസുകൾ നിരത്തുകളിൽ നിന്ന് പിൻവലിയുന്നു. പഴയനിരക്കിൽ സർവീസ് നടത്തിയാൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യബസുടമകൾ പലയിടത്തും സർവീസ് നടത്താത്തത്.
പല റൂട്ടുകളിലും രാവിലെയും വൈകിട്ടും ഓരോ സർവ്വീസുകൾ മാത്രമാക്കി ചുരുക്കി. അന്തർ ജില്ലാ ബസ് സർവീസിന് അനുമതി ലഭിച്ചിട്ടും നാമമാത്ര ബസുകളാണ് സർവീസ് നടത്തുന്നത്. നേരത്തെ അന്തർജില്ലാ സർവീസ് പല റൂട്ടുകളിലും ആരംഭിച്ചെങ്കിലും അവരെല്ലാം ഒാരോ ദിവസം ചെല്ലുംതോറും നിറുത്തുകയാണ്. ജില്ലയിൽ സമീപ ജില്ലകളിലേക്ക് സർവീസ് നടത്തിയത് 33 സ്വകാര്യബസുകളാണ്. തൃശൂർ, വടക്കാഞ്ചേരി, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് രാവിലെ മുതൽ 12 ബസുകൾ സർവീസ് തുടങ്ങി. കുന്നംകുളം കുറ്റിപ്പുറം റൂട്ടിൽ മൂന്നും കുന്നംകുളം പട്ടാമ്പി, കുന്നംകുളം പാലക്കാട് റൂട്ടുകളിൽ രണ്ടു വീതവും ബസുകൾ സർവീസ് നടത്തി. സമീപ ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തിയ 14 ബസുകൾ ഉച്ചയോടെ പത്തായി ചുരുങ്ങി. ഗുരുവായൂർ എറണാകുളം റൂട്ടിൽ സർവീസ് നടത്തിയതുമില്ല. യാത്രക്കാർ കുറഞ്ഞതാണ് സ്വകാര്യബസുകൾ സർവീസ് നിറുത്താൻ പ്രധാന കാരണം. ലോക്ക്ഡൗണിൽ സർവീസ് നടത്തുന്നതിന് നിശ്ചയിച്ച ഇരട്ടി ടിക്കറ്റ് ചാർജ് സർക്കാർ പിൻവലിച്ചതോടെ സാധാരണ ടിക്കറ്റ് ചാർജാണ് ഈടാക്കിയത്.
സർവീസ് കൂട്ടി കെ.എസ്.ആർ.ടി.സി
ജില്ലയിൽ നിന്നും ബുധനാഴ്ച കെ.എസ്.ആർ.ടി.സി ബസുകൾ 180 സർവീസ് നടത്തി. മലപ്പുറം ജില്ലയിലെ പൊന്നാനി, നിലമ്പൂർ, പെരുന്തൽമണ്ണ ഡിപ്പോകളിൽ നിന്നും എറണാകുളം, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അടക്കം ബസുകളെത്തിയതോടെ ജില്ലയിൽ മൊത്തം 250 സർവീസുകളായി. തൃശൂരിൽ നിന്നും എറണാകുളം ജില്ലയിലേക്കാണ് കൂടുതൽ സർവീസ് നടത്തിയത്. ഇത് കൂടാതെ പാലക്കാട്, പട്ടാമ്പി, കുറ്റിപ്പുറം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കും ബസ് ഉണ്ടായി.
അയൽ ജില്ലകളിലേക്കുള്ള സർവീസ്
ജില്ലയിൽ നിന്നും സർവീസ് നടത്തിയത്
129 ബസുകൾ
ഫാസ്റ്റ് പാസഞ്ചർ 38
ഓർഡിനറി ബസുകൾ 91
സർവീസുകൾ ഡിപ്പോ ക്രമത്തിൽ
തൃശൂർ 34 സർവീസ്
ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന്
എറണാകുളം, പാലക്കാട് ജില്ലകളിലേക്ക് 13
ഓർഡിനറി 4
ചാലക്കുടി ഡിപ്പോയിൽ നിന്ന്
24 സർവീസ് ( ആകെ 39)
കൊടുങ്ങല്ലൂരിൽ 14 (29)
മാളയിൽ നിന്ന് 23 സർവീസ് (37)
പുതുക്കാട് നിന്നും 21
ഫാസ്റ്റ് പാസഞ്ചർ 4
ഓർഡിനറി 17