തൃശൂർ : ഒരു നൂറ്റാണ്ട് പിന്നിട്ട തൃശൂർ മൃഗശാലയിൽ നിന്നും മൃഗങ്ങൾ ഇൗ വർഷം തന്നെ പുത്തൂരിലെ സുവോളജിക്കല്‍ പാർക്കിലേക്ക് മാറും. ഡിസംബറിന് മുമ്പ് മൃഗങ്ങളെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ മൃഗശാലയിലേക്ക് മാറ്റാനായുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

വന്യജീവികൾക്ക് വിശാലമായ വാസസ്ഥലങ്ങൾ, സന്ദർശകർക്ക് അടിസ്ഥാന സൗകര്യം, പാർക്കിംഗ് സൗകര്യം,​ സൂ ഹോസ്പിറ്റൽ സമുച്ചയം എന്നിവ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് നിർമ്മിക്കുന്നത്. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. രണ്ടും മൂന്നും ഘട്ടം നിർമ്മാണം അതിവേഗം തുടരുകയാണ്. പൂത്തൂരിലേക്ക് മൃഗശാല മാറ്റാനുള്ള നടപടി രണ്ട് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്തതാണ്. കിഫ്ബിയിൽ നിന്നുള്ള ധനസഹായത്തോടെ പദ്ധതി നടപ്പാക്കാനുള്ള പ്രഖ്യാപനം 2016-17 ബഡ്ജറ്റിൽ ഉൾപ്പെടുത്തി. അതോടെ പദ്ധതി നിർവഹണത്തിന് ജീവൻ വെച്ചു. വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ലാൻഡ്‌സ്‌കേപ് പ്ളാനാണ് പാർക്കിനായി വിഭാവനം ചെയ്തത്.

ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് കിലോമീറ്റര്‍ ദൂരത്തോളം ചുറ്റിക്കറങ്ങി മൃഗങ്ങളെ കാണാന്‍ പാകത്തിലാണ് ഇപ്പോഴത്തെ നിര്‍മാണം. പാര്‍ക്കിനുള്ളിൽ മുഴുവൻ ഭാവിയിലും ട്രക്കിംഗ് നടത്താനും സഫാരി പോകാനും സൗകര്യമുണ്ടായേക്കും.

.............

പാർക്കിനെ വ്യത്യസ്ത മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ വൃക്ഷങ്ങൾ, മുള, പന, വിവിധയിനം പുഷ്പലതാദികൾ എന്നിവയുടെ പത്ത് ലക്ഷത്തോളം തൈകൾ നട്ടുപിടിപ്പിക്കും. ലോകപരിസ്ഥിതി ദിനമായ അഞ്ചിന് മുപ്പതിനായിരത്തോളം തൈകളുടെ നടീൽ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് കെ. രാജൻ നിർവഹിക്കും.

- സ്‌പെഷ്യൽ ഓഫീസർ, ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്‌സ്

.............

പാർക്ക് ഉൾക്കൊള്ളുന്ന ഭൂമി: 338 ഏക്കർ

പദ്ധതിയുടെ മൊത്തം ചെലവ്: 360 കോടി

കിഫ്ബിയിൽ നിന്നുള്ള തുക: 269.75

ബാക്കി : സംസ്ഥാന വിഹിതം

മൃഗങ്ങൾക്കുള്ള വാസസ്ഥലം: 23

.....................................................................

പരിസ്ഥിതി ദിനത്തിൽ നടുന്നത് :

വൃക്ഷതൈകൾ: 15,000

മുള, പന തൈകൾ : 15,000

പാർക്കിലെ മേഖലകൾ:

കൻഹാ സോൺ, സൈലന്റ് വാലി സോൺ, സുളു ലാൻഡ്, ഷോല സോൺ