കൊടുങ്ങല്ലൂർ: പരിസ്ഥിതി ദിനമായ ജൂൺ 5ന് കൊടുങ്ങല്ലൂർ നഗരസഭയിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും പൊതു സ്ഥാപനങ്ങളിലും നട്ടുപിടിപ്പിക്കുന്നതിന് 10,000 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ ഞാവൽ, ആര്യവേപ്പ്, പേര, തുടങ്ങി 13 ഇനം വൃക്ഷത്തൈകളാണ് നൽകുന്നത്.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരസഭ നിർമ്മിച്ച കാർഷിക നഴ്സറിയിൽ ഉത്പ്പാദിപ്പിച്ച തൈകൾ ആദ്യഘട്ടത്തിൽ നഗരസഭയിലെ വിവിധ ക്ലബുകളിലെ ഭാരവാഹികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ വിതരണോദ്ഘാടനം നിർവഹിച്ചു.
വാർഡ് കൗൺസിലർ എം.കെ. സഹീർ അദ്ധ്യക്ഷത വഹിച്ചു. നഴ്സറി തുടങ്ങുന്നതിന് സ്ഥലം സൗജന്യമായി നഗരസഭയ്ക്ക് വിട്ടുനൽകിയ ശ്രീനാരായണ സമാജം പ്രസിഡന്റ് കൂടിയായ അരുൺ നെല്ലിപ്പറമ്പത്തിനെ ചടങ്ങിൽ ചെയർമാൻ ആദരിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ, പി.കെ. സലിം, എം.കെ. ദിനിൽ എന്നിവർ പ്രസംഗിച്ചു.
പുല്ലൂറ്റ് വില്ലേജിൽ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം വൈസ് ചെയർമാൻ ഹണിപീതാംബരൻ നിർവഹിച്ചു. നഗരസഭ ലൈഫ്-പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിച്ച വീടുകൾക്ക് വൃക്ഷത്തൈകൾ നൽകുന്നതിനാണ് ഒരു ലക്ഷം രൂപ ചെലവിൽ അയ്യങ്കാളി നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽ നഴ്സറി ആരംഭിച്ചത്. വാർഡിലെ 16 തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവ ഉത്പ്പാദിപ്പിച്ചത്. നഗരസഭയുടെ ഈ പ്രവർത്തനത്തെ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായെത്തിയ ഉദ്യോഗസ്ഥർ അഭിനന്ദിച്ചിരുന്നു.

..........................

10,000 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും

ആദ്യഘട്ടത്തിൽ ഞാവൽ, ആര്യവേപ്പ്, പേര, തുടങ്ങി 13 ഇനങ്ങൾ