തൃശൂർ: കൈറ്റ് വിക്ടേഴ്‌സ് ചാനൽ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ ബെൽ' ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ ക്രമീകരണം. ഹൈടെക് സ്‌കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ച ഐ.ടി ഉപകരണം പ്രയോജനപ്പെടുത്താൻ അനുമതി നൽകി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഉത്തരവ് പുറത്തിറക്കി. സ്‌കൂളുകളിൽ ലഭ്യമായിട്ടുള്ള ലാപ്‌ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4,545 ടെലിവിഷനും പ്രയോജനപ്പെടുത്താനാകും. കുട്ടികൾക്ക് വേണ്ട ഉപകരണങ്ങൾ ലഭ്യമാകുന്നില്ലെങ്കിൽ സ്‌കൂളുകളിൽ ലഭ്യമായ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കണം. പ്രഥമാദ്ധ്യാപകർക്കും ക്ലാസ് അദ്ധ്യാപകർക്കും ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടുണ്ട്. വാർഡ്, ഡിവിഷൻ തലത്തിൽ ചുമതലയുള്ള അദ്ധ്യാപകർക്കോ തദ്ദേശ സ്ഥാപന സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കോ ആവശ്യത്തിനനുസരിച്ച് രസീത് വാങ്ങി പ്രഥമാദ്ധ്യാപകർക്ക് ഉപകരണം നൽകാം. നാലു കുട്ടികൾക്കുവരെ ഒരേ സമയം കാണാൻ ഒരു ലാപ്‌ടോപ്പ് ഉപയോഗിക്കാം. കേബിൾ, ഡി.ടി.എച്ച് കണക്‌ഷനുള്ള സ്ഥലങ്ങളിൽ ടി.വിയോ അല്ലെങ്കിൽ ലാപ്‌ടോപ്പും പ്രൊജക്ടറും ഒരുമിച്ചോ ഉപയോഗിക്കാമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.