അരിമ്പൂർ: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത ഒറ്റ കുട്ടിയും അരിമ്പൂർ പഞ്ചായത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ സുമിത്ര അരിമ്പൂരും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി പരയ്ക്കാട്ടെ സുമിത്ര ഭവനിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എൻ. പുഷ്പലത, റിട്ട. ഹെഡ് മാസ്റ്റർ കെ.എം. ഗോപി ദാസൻ, എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കും കൗൺസലിംഗ് ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിലെ ഏകമുഖ രീതിയിൽ നിന്ന് വ്യത്യസ്തമായി കൈയോടെ സംശയ നിവാരണത്തിനുള്ള സൗകര്യം ഒരുക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി മാറിയെന്ന് പ്രോഗ്രാം കോ- ഓർഡിനേറ്റർ വി.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ക്ലാസ് മുറികളിലെ മോഡലിൽ ടൈംടേബിൾ അനുസരിച്ച് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയാകും പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച മുഴുവൻ അദ്ധ്യാപകരെയും കണ്ണി ചേർത്ത് ഓൺലൈൻ ക്ലാസുകൾ വിദ്യാലയങ്ങളിലെ ക്ലാസ് അനുഭവങ്ങൾക്ക് സമാനമാക്കാനുള്ള ശ്രമം നടക്കുന്നതായും ഇതിന്റെ ഭാഗമായി ഈ രംഗത്തുള്ള പ്രമുഖരെ ഉൾപ്പെടുത്തി കൊവിഡ് മാനദണ്ഡം പാലിച്ച് മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് അറിയിച്ചു.

എല്ലാ പഞ്ചായത്തുകളിലും ബുധനാഴ്ച എഡ്യുക്കേഷൻ കമ്മിറ്റികൾ ചേരും. ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത സാഹചര്യങ്ങളിലുള്ളവരെ കണ്ടെത്തി സൗകര്യങ്ങളൊരുക്കും.

- മുരളി പെരുനെല്ലി എം.എൽ.എ