പുതുക്കാട്: കാലവർഷം ശക്തിപ്പെടാനിരിക്കെ കുറുമാലിപ്പുഴയിലെ ജലനിരപ്പ് ഉയരുന്നതിനു മുമ്പ് മണ്ണും കല്ലും നീക്കം ചെയ്യാത്തതിൽ ആശങ്ക. പുഴകളൊഴുകട്ടെ, ജലപ്രയാണം പദ്ധതിയുടെ ഭാഗമായി പുഴയ്ക്ക് ഇരുവശത്തുമുള്ള പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നീരൊഴുക്കിന് തടസമുണ്ടാക്കുന്ന മണ്ണും മരങ്ങളും നീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. എന്നാൽ ഫലവത്താകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

എന്നാൽ ദേശീയ പാതയിലെ പുഴംപാലത്തിനു താഴെയുള്ള മണ്ണും കല്ലുകളും നീക്കാൻ തുടങ്ങിയെങ്കിലും പുഴയിൽ നിന്നും പുറത്തു കളയാനുള്ള ശ്രമം ആരംഭിക്കാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് പുഴകളൊഴുകട്ടെ ജല പ്രയാണം പദ്ധതി ആവിഷ്‌കരിച്ചത്.

ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പുഴമ്പാലത്തിനു താഴെയുള്ള മണ്ണും കല്ലും നീക്കാൻ കളക്ടർ ടോൾ കമ്പനിയെ ചുമതലപെടുത്തി. ഒരു മണ്ണ് മാന്തിയന്ത്രം എത്തിച്ച് പുഴയിൽ നിന്നുള്ള മണ്ണും കല്ലുകളും പുഴയിൽ തന്നെ തള്ളുന്ന പ്രവൃത്തികളാണ് ഇവർ നടത്തുന്നത്.

കാലവർഷം തുടങ്ങാനിരിക്കെ ജലനിരപ്പ് ഉയരുന്നതിനു മുമ്പ് മണ്ണും കല്ലും നീക്കം ചെയ്യാത്തതാണ് നാട്ടുകാർക്കൊപ്പം ജനപ്രതിനിധികളുടെയും ആശങ്ക വർദ്ധിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരായ കാർത്തിക ജയൻ, അമ്പിളി ശിവരാജൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ, കെ.ജെ. ഡിക്‌സൺ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, സിന്ധു, സി.പി.എം ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ, തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

ആർക്കോ വേണ്ടി, എന്തിനോ വേണ്ടി

മണ്ണുമാറ്റൽ പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കാൻ ജലസേചന വകുപ്പിലേയോ ദേശീയപാത അതോറിറ്റിയുടെയോ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ആർക്കോ വേണ്ടി എന്തോ ചെയ്യുന്ന പോലെയാണ് ടോൾ കമ്പനിയുടെ നടപടികൾ. പാലം നിർമ്മിച്ച കരാർ കമ്പനിയായ കെ.എം.സിയാണ് പാലം നിർമ്മാണത്തിനു ശേഷം നിർമ്മാണ അവശിഷ്ടങ്ങൾ മാറ്റേണ്ടത്. പുഴയിലെ സ്വാഭാവിക നീരൊഴുക്കിന് തടസമായ കല്ലും മണ്ണും നീക്കം ചെയ്യാൻ ഇതുവരെ ആർക്കും സാധിച്ചില്ല എന്നതും നാണക്കേട് സൃഷ്ടിക്കുന്നു.