തൃശൂര്‍ പരിസ്ഥിതി സൗഹാര്‍ദ്ദ സന്ദേശത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10,000 വൃക്ഷതൈകള്‍ നടും. ജില്ലയിലെ പത്ത് യൂണിയന്‍ കേന്ദ്രങ്ങളിലും 125 ശാഖാ ആസ്ഥാനങ്ങളിലുമാണ് ഓര്‍മ്മ മരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുക. പുലയമഹാ സഭാംഗങ്ങളുടെ വീടുകളിലും വൃക്ഷത്തൈ നടും. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം വെള്ളിയാഴ്ച പകല്‍ 11ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ സ്മാരക സ്കൂളില്‍ ടി.എന്‍ പ്രതാപന്‍ എം.പി നിര്‍വഹിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡം പൂര്‍ണമായും പാലിച്ചായിരിക്കും എല്ലായിടത്തും പരിപാടി സംഘടിപ്പിക്കുക. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം പി.എന്‍ സുരന്‍, ജില്ലാ സെക്രട്ടറി വി.എസ് ആശുദോഷ്, വൈസ് പ്രസിഡന്റ് പി.വി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു..