പെരിങ്ങോട്ടുകര : അമ്മുവിന് അഞ്ചാം പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾ. ഏഴു വയസുകാരിയായ അമ്മു എന്ന ആടാണ് അഞ്ചാമത്തെ പ്രസവത്തിലൂടെ അഞ്ച് കുഞ്ഞാടുകൾക്ക് ജന്മം നൽകിയത്. അമ്മുവിന്റെ രണ്ടാമത്തെ പ്രസവത്തിലും അഞ്ച് കുഞ്ഞുങ്ങളെ ലഭിച്ചിരുന്നു. ആദ്യപ്രസവത്തിലും മൂന്നാമത്തെയും നാലാമത്തെയും പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഇപ്പോൾ ജനിച്ചതിൽ രണ്ട് ആണും മൂന്ന് പെണ്ണുമാണ് കുഞ്ഞാടുകൾ. താന്ന്യം തെക്കുഭാഗത്ത് താമസിക്കുന്ന മഠത്തിപറമ്പിൽ വേലായുധന്റെയാണ് ആട്. കർഷകത്തൊഴിലാളികളായ വേലായുധനും ഭാര്യ കാർത്ത്യായനിയുമാണ് അമ്മുവിന്റെയും മക്കളുടെയും സംരക്ഷകർ.
അമ്മുവിന്റെ പാല് കുഞ്ഞുങ്ങൾക്ക് തികയാതെ വരുന്നതിനാൽ പശുവിന്റെ പാൽ നേർപ്പിച്ച് കുപ്പിയിലാക്കിയാണ് അഞ്ചുപേരുടെയും വിശപ്പ് മാറ്റുന്നതെന്ന് വേലായുധൻ പറഞ്ഞു. കൂടാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും വേറെയും രക്ഷാമരുന്നുകളുമുണ്ട്. നാടൻ ഇനത്തിൽപെട്ട അമ്മു ഇവിടെ തന്നെ ജനിച്ചുണ്ടായതാണ്. ഓരോ തവണയും കൂടുതൽ കുഞ്ഞുങ്ങളെ നൽകുന്നുണ്ടെന്നതിനാൽ അവളുടെ ആരോഗ്യകാര്യത്തിൽ വീട്ടുകാർ ഏറെ ശ്രദ്ധാലുക്കളാണ്.
സ്വന്തം കുഞ്ഞുങ്ങളോടെന്ന പോലെ പരിചരണം നൽകിയാണ് വേലായുധനും കാർത്ത്യായനിയും ഇവയെ പോറ്റുന്നത്. അതിനാൽ ഓരോ പ്രസവത്തിലെയും കുഞ്ഞുങ്ങളെ കേടു കൂടാതെ വളർത്തിയെടുക്കാൻ സാധിക്കുമെന്നും വീട്ടുകാർ പറഞ്ഞു.