ചാഴൂർ: നാട്ടിക നിയോജകമണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളിൽ മഴക്കാല രോഗങ്ങളെ ഫലപ്രദമായി നേരിടാനാവശ്യമായ ജീവനക്കാരും മരുന്നും അടിയന്തരമായി വേണമെന്ന് ആവശ്യം. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഗീത ഗോപി എം.എൽ.എ ആലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ആവശ്യമുയർന്നത്. ഡോക്ടർമാരുടേയും മറ്റു ജീവനക്കാരുടേയും കുറവുമൂലം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നതായി പരാതികൾ നിലനിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി സമരങ്ങളും നടന്നിരുന്നു.
മരുന്നുകൾ വാങ്ങുന്നതിനും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കും. ജീവനക്കാരെ നിയമിക്കുന്നതിനായി ജില്ലാ മെഡിക്കൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകാനും യോഗത്തിൽ തീരുമാനമായി. ഗീത ഗോപി എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, ആലപ്പാട്ട് സി.എച്ച്.സി സൂപ്രണ്ട് ഡോ. റോഷ്, തൃപ്രയാർ ആശുപത്രി സൂപ്രണ്ട് ഡോ. റജീന, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കേതുൽ പ്രമോദ്, നാട്ടിക പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. റഹീന മാവുങ്ങൽ, വലപ്പാട് ആശുപതി സൂപ്രണ്ട് ഡോ. ഫാത്തിമ, അന്തിക്കാട് ആശുപത്രി സൂപ്രണ്ട് ഇൻചാർജ്ജ് ഡോ. ഷിജിന, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.