ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങൾക്ക് വധൂവരന്മാർ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫർമാരെ വിവാഹച്ചടങ്ങുകൾ പകർത്താൻ അനുവദിക്കില്ലെന്ന ദേവസ്വം തീരുമാനത്തിനെതിരെ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയനുകൾ രംഗത്ത്. വിവാഹം ഫോട്ടോയെടുക്കാൻ ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രം നിയോഗിക്കാനുള്ള നിലപാടിൽ പ്രതിഷേധിച്ച് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ നിൽപ്പ് സമരം നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം അനിൽ കിഴൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുൽ നൗഷാദ് അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ജലീൽ മിറർ, സെക്രട്ടറി രതീഷ് കർമ്മ, സുനിൽ സ്മാർട്ട്, ദിലീപ് ദിയ എന്നിവർ സംസാരിച്ചു. ഫോട്ടോ, വീഡിയോഗ്രാഫർമാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന് നിവേദനവും നൽകി.
തങ്ങളുടെ തൊഴിൽ മേഖലയിൽ കൈകടത്താൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും ഇത് വൻ അഴിമതിക്കുവേണ്ടിയാണെന്നും കേരളാ പ്രൊഫഷണൽ വീഡിയോഗ്രാഫേഴ്‌സ് ആൻഡ് ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ (പി.വി.പി.യു) സംസ്ഥാന പ്രസിഡന്റ് സുധാകരൻ ചക്കരപ്പാടം പറഞ്ഞു.