ഗുരുവായൂർ: ആനക്കോട്ടയിൽ ആനകളുടെ കൊമ്പുകൾ മുറിച്ച് മിനുക്കാൻ തുടങ്ങി. ആദ്യഘട്ടമായി അയ്യപ്പൻ കുട്ടിയുടെ കൊമ്പാണ് മുറിച്ച് ആകൃതി വരുത്തിയത്. രണ്ടു കൊമ്പുകളുടെയും അറ്റം മുട്ടുകയും,​ തുമ്പിക്കൈയ്ക്ക് പുറത്തേക്ക് ക്രമാതീതമായി വളർന്നതിനാലാണ് അയ്യപ്പൻകുട്ടിയുടെ കൊമ്പുകൾ ആദ്യം മുറിച്ചത്.

അടുത്തഘട്ടങ്ങളിലായി ചെന്താമരാക്ഷൻ, സിദ്ധാർത്ഥൻ, ഇന്ദ്രസെൻ, നന്ദൻ, മുകുന്ദൻ തുടങ്ങീ 15 ഓളം ആനകളുടെ കൊമ്പുകൾ മുറിക്കും. കൊമ്പുകൾ മുറിക്കാൻ വനംവകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും ലോക്ഡൗൺ കാരണം നീണ്ടുപോകുകയായിരുന്നു. ബുധനാഴ്ച രാവിലെ പെരുമ്പിള്ളിശ്ശേരി സ്മിതേഷാണ് കൊമ്പുകൾ മുറിക്കാനെത്തിയത്. വനംവകുപ്പ് റേഞ്ച് ഓഫീസർ സജീവ്, ആനചികിത്സകരായ ഡോ. വേണുഗോപാൽ, ഡോ.കെ. വിവേക്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.