ചാലക്കുടി: ചില്ല് കുപ്പികളിൽ കലാവിരുത് തീർത്ത് ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തുകയാണ് ശബരീഷ്. പൂക്കൂടകളും, ശിൽപ്പങ്ങളും അടക്കം അമ്പതോളം കലാവിസ്മയങ്ങളാണ് തൃപ്പാപ്പിള്ളി തോട്ടുങ്ങൽ വീട്ടിൽ ശബരീഷ് ഗണേശൻ ഒരുക്കിയത്. ഇവ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.
വിൽപ്പന നടത്താനായി ഇവ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കൈമാറി. പരിയാരം പഞ്ചായത്തിലെ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് പ്രൊസസിംഗ് സഹകരണ സംഘത്തിലെ സെക്രട്ടറി കൂടിയാണ് ശബരീഷ്. ചെറുപ്പം മുതൽ ചിത്രരചനയിൽ സജീവമായിരുന്ന ശബരീഷ് ലോക്ക് ഡൗൺ കാലത്താണ് കുപ്പികളിൽ ചിത്രരചന പരീക്ഷിച്ചത്.
ജീവൻ തുളുമ്പുന്ന കുപ്പികളിലെ ചിത്രങ്ങളും ശിൽപ്പങ്ങൾക്കുമായി നിരവധി പേരാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. തുടർന്നാണ് ഇവ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കൈമാറിയത്.