ചാലക്കുടി: റോഡ് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ തച്ചുടപറമ്പ് പാടശേഖരത്തിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. പാടത്തിന് മദ്ധ്യത്തിലൂടെ കടന്നുപോകുന്ന പറയൻതോട്ടിൽ നിന്നാണ് പ്ലാസ്റ്റിക് ഉപകരങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ എത്തിയത്.
ധാരാളം ഭക്ഷണ അവശിഷ്ടങ്ങളും റോഡിനോട് ചേർന്ന ഭാഗത്ത് അടിഞ്ഞു കിടക്കുന്നുണ്ട്. ഇതുമൂലം പരിസരത്ത് രൂക്ഷമായ ദുർഗന്ധവുമുണ്ട്. ജലസ്രോതസായ തച്ചുടപറമ്പ് പാടശേഖരത്തിലെ മാലിന്യം സമീപത്തെ അനേകം വീടുകളുടെ കിണറുകളിലേക്ക് എത്താനും സാദ്ധ്യതയേറെ.
മഴക്കാല പൂർവ്വ ശുചീകരണം നടത്തുന്ന അധികൃതർ ഗുരുതര ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്ന പാടശേഖരത്തിലെ മാലിന്യം ശ്രദ്ധിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.