തൃശൂർ: യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാൻ റെയിൽവേ സ്റ്റേഷനിൽ രണ്ട് തെർമൽ കാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്‌സ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിലാണ് കാമറ സ്ഥാപിച്ചത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റെയിൽവേ യാത്രികർക്ക് പനിയുണ്ടോ എന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചറിയാൻ കഴിയും. കാമറയ്ക്ക് മുമ്പിൽ കൂടി കടന്നുപോകുമ്പോൾ ശരീരോഷ്മാവ് അധികമുണ്ടെങ്കിൽ തിരിച്ചറിയാനുമാകും. റെയിൽവേ സ്റ്റേഷന്റെ രണ്ട് കവാടത്തിലും കാമറകൾ സ്ഥാപിച്ചു. ഒരേസമയം 30 ഓളം പേരുടെ ശരീര ഊഷ്മാവ് രേഖപ്പെടുത്താൻ സാധിക്കും. ശരീര ഊഷ്മാവ് കൂടുതലുള്ളവർ വരുമ്പോൾ പ്രത്യേക ശബ്ദവും പുറപ്പെടുവിക്കും. ഇ.സി.എ പ്രസിഡന്റ് സി.വി മധുസൂദനൻ, സംസ്ഥാന സെക്രട്ടറി വിനോദ് ചേലക്കര, റെയിൽവേ സ്റ്റേഷൻ ഡയറക്ടർ പി.അജയകുമാർ, സ്റ്റേഷൻ മാനേജർ കെ.ആർ ജയകുമാർ, ചീഫ് കമേഴ്‌സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു.