കയ്പമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ഒരു കോടി വൃക്ഷത്തൈകളുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5ന് രാവിലെ 10.30 ന് എസ്.എൻ.പുരം പഞ്ചായത്തിൽ നടക്കും. മന്ത്രി എ.സി. മൊയ്തീൻ കോച്ചാലിൽ പെരുംതോട് വലിയതോടിന്റെ തീരത്ത് വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം നിർവഹിക്കും. ബെന്നി ബഹനാൻ എം.പി, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, കളക്ടർ എസ്.ഷാനവാസ് എന്നിവർ പങ്കെടുക്കും.
പെരിഞ്ഞനം മുതൽ എറിയാട് വരെയുള്ള പെരുംതോടിന്റെ ഇരുകരകളിലും വിവിധയിനം വ്യക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. ഇതിനായി 6500 ഓളം തൈകൾ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും പഞ്ചായത്തുകളിൽ എത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. കൂടാതെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലായി കാർഷിക യൂണിവേഴ്‌സിറ്റി, കൃഷി വകുപ്പ് ഫാമുകൾ, വി.എഫ്.പി.സി.കെ, എം.എൻ.ആർ.ഇ.ജി.എസ്, കുടുംബശ്രീ, സോഷ്യൽ ഫോറസ്ട്രി, മതിലകം അഗ്രോ സർവ്വീസ് സെന്റർ എന്നിവിടങ്ങളിൽ നിന്നും 42000 തൈകൾ വിതരണം ചെയ്യും.