തൃശൂർ: അടുക്കളയും കൃഷിയിടവും വിട്ട് സാമൂഹിക പ്രസക്തിയുള്ള നാടകങ്ങളുമായി അരങ്ങിലെ ശ്രീയാകാൻ 'രംഗശ്രീ ' തിയേറ്റർ ഗ്രൂപ്പുമായി കുടുംബശ്രീ. നാടകം ഉൾപ്പെടെ എല്ലാ കലകളുടെയും വിനോദങ്ങളുടെയും പൊതു ഇടങ്ങൾ കൊവിഡ് കവർന്നെടുക്കുന്ന പശ്ചാത്തലത്തിലാണ് തട്ടിൽ കയറാനുള്ള ഒരുക്കങ്ങൾക്ക് വേഗം കൂട്ടിയത്. കുടുംബശ്രീയുടെ വാട്ട് സാപ്പ് ഗ്രൂപ്പുകളിലൂടെ മൂന്ന് ലക്ഷത്തിലേറെ ജനങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നാടകം എത്തിക്കാനാവും. സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളും അവതരിപ്പിക്കും. കൊവിഡ് നിയന്ത്രണ വിധേയമായ ശേഷം പൊതു ഇടങ്ങളിലും നാടകങ്ങൾ അരങ്ങേറും.
കേരളത്തിന്റെ നാടക ചരിത്രത്തിന് തുടർച്ച ഉറപ്പുവരുത്താൻ തൃശൂർ ജില്ലാ പഞ്ചായത്താണ് കുടുംബശ്രീയിലൂടെ 'രംഗശ്രീ' യുടെ തിരശീല ഉയർത്തിയത്. സ്ത്രീശാക്തീകരണത്തിന് പുതിയ മുഖം നൽകിയ കുടുംബശ്രീ, അന്നമനടയിലെ വനിതാ നാടക പ്രവർത്തകരുടെ സംഘം വഴിയാണ് സ്ഥിരം നാടക സമിതിക്ക് രൂപം കൊടുത്തത്. നാടക സമിതിക്കുള്ള സാമഗ്രികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ 2019-2020 വാർഷിക പദ്ധതിയിലാണ് രംഗശ്രീ തിയേറ്റർ ഗ്രൂപ്പ് സംഘടിപ്പിക്കാൻ തുക വകയിരുത്തിയത്.
അംഗങ്ങൾ:
മാള ബ്ലോക്കിൽ നിന്നുള്ള 10 പേർ
ജില്ലാപഞ്ചായത്ത് വകയിരുത്തിയത്: 5 ലക്ഷം
ഉപകരണം വാങ്ങിയത്
3,62,077 രൂപയ്ക്ക് (ചെണ്ട, കർട്ടൻ, ആംപ്ലിഫയർ തുടങ്ങിയവ).
തുടക്കം തെരുവ് നാടകത്തിൽ
'സ്ത്രീയും വിദ്യാഭ്യാസവും തൊഴിലും' എന്ന വിഷയത്തിൽ 16 ബ്ലോക്കുകളിലും ഈ സംഘം തെരുവുനാടകം അവതരിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് നിർമാർജ്ജനം, എനർജി മിഷൻ, തെരുവ് നായ വന്ധ്യംകരണം, ജൈവകൃഷി തുടങ്ങിയ വിഷയങ്ങളിൽ അവതരിപ്പിച്ച തെരുവ് നാടകങ്ങളും ശ്രദ്ധേയമായിരുന്നു. തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമയിൽ ഏഴ് ദിവസത്തെ പരിശീലനവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.
.........
നാടകസംഘത്തെ ജനോപകാരപ്രദമായ സന്ദേശം നൽകുന്ന നാടക സമിതിയായി കുടുംബശ്രീ മാറ്റിയെടുക്കുകയാണ്. കാർഷിക മേളകളിലും മറ്റും മുമ്പ് സംഘം നാടകാവതരണം നടത്തിയിരുന്നു. ചില പ്രോഗ്രാമുകളുടെ സ്ക്രിപ്റ്റ് സംസ്ഥാന അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. സമ്പൂർണ്ണമായ പ്രൊഫഷണൽ നാടക സംഘമാക്കാനാണ് ലക്ഷ്യം.
കെ.വി. ജ്യോതിഷ്കുമാർ
ജില്ലാ കുടുംബശ്രീ മിഷൻ കോ - ഓർഡിനേറ്റർ