മെഡിക്കൽ കോളേജിൽ നിയന്ത്രണം കർശനമാക്കുന്നു
തൃശൂർ : മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലെ രോഗികളുടെ എണ്ണവും ഒപ്പമെത്തുന്നവരുടെ എണ്ണവും ആശങ്കപ്പെടുത്തും വിധം വർദ്ധിച്ചതോടെ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും അധികൃതരെ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. 250 രോഗികൾക്ക് മുകളിലായാൽ മറ്റ് രോഗികളെ പ്രവേശിപ്പിക്കരുതെന്നാണ് ഉത്തരവ്.
കൊവിഡ് ആശുപത്രിയാക്കി മാറ്റിയ മെഡിക്കൽ കോളേജിൽ നിലവിൽ ഏറെ നിയന്ത്രണം ഉണ്ട്. നിലവിൽ ദിനംപ്രതി ശരാശരി 1600 പേർ ഒ.പികളിലും നൂറ് കണക്കിന് അടിയന്തര കേസുകളുമാണെത്തുന്നത്. എത്തുന്ന രോഗികളും കൂടെയുള്ളവരും യാതൊരുവിധ സാമൂഹിക അകലവും പാലിക്കുന്നില്ലെന്ന് അധികൃതർ തന്നെ തുറന്നു സമ്മതിക്കുന്നു.
ഓരോ രോഗികൾക്ക് ഒപ്പവും മൂന്നും നാലും പേരാണെത്തുന്നത്. ഇവരെല്ലാം ആശുപത്രിക്കുള്ളിൽ കൂട്ടംകൂടി നിൽക്കുന്നതാണ് ഭീഷണിയാകുന്നത്. ആശുപത്രിയുടെ ഒരു ഭാഗം കൊവിഡ് വാർഡാക്കി മാറ്റിയതോടെ ആളുകൾക്ക് നിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയായി. പുറത്ത് രണ്ടിടങ്ങളിൽ ആളുകൾക്ക് നിൽക്കാൻ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും എല്ലാവരും വാർഡുകളിലേക്ക് കയറും. പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പൊലീസ് അസ്വാഭാവിക മരണമായി കണ്ടെത്തിയ കേസുകളിൽ കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ ഇൻക്വസ്റ്റ് നടത്തൂവെന്ന പൊലീസ് നിലപാട് വിവാദമായി.
ആശുപത്രികളിൽ ചികിത്സയിലിരിക്കെ മരിച്ചവരുടെ വരെ പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നാണ് പൊലീസ് നിലപാട്. എന്നാൽ ഇത്തരം കേസുകളിൽ ഇവരുടെ എല്ലാ പരിശോധനകളും ആശുപത്രിക്കുള്ളിൽ നടത്തുന്നതിനാൽ വീണ്ടുമൊരു പരിശോധനയുടെ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഇതുമൂലം രണ്ട് ദിവസത്തോളം പോസ്റ്റ്‌മോർട്ടം വൈകുകയാണ്.
കൊവിഡ് ആശുപത്രിയും നിറയുന്നു
കൊവിഡ് ആശുപത്രിയാക്കി മാറ്റിയ മെഡിക്കൽ കോളേജിൽ 100 കിടക്കകളാണ് സജ്ജീകരിച്ചത്. എന്നാൽ നിലവിൽ രോഗികളും നിരീക്ഷണത്തിലിരിക്കുന്നവരും അടക്കം നൂറോളം പേർ കൊവിഡ് സംബന്ധ രോഗവുമായി മെഡിക്കൽ കോളേജിലുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ മറ്റ് വാർഡുകൾ ഐസൊലേറ്റ് ചെയ്തു സജ്ജീകരിക്കേണ്ടി വരും.
ഒ.പിയിൽ എത്തുന്നവർ 1600
59 പേർ ചികിത്സയിൽ
തിങ്കളാഴ്ച്ച മുതൽ നിയന്ത്രണം ഇങ്ങനെ
ഒരു രോഗിക്കൊപ്പം ഒരാൾ മാത്രം
ആവശ്യമുണ്ടെങ്കിൽ മാത്രം രണ്ടാമതൊരാൾക്ക് പ്രവേശനം
കൊവിഡ് രോഗികൾ നൂറിന് മുകളിലായാൽ മറ്റ് രോഗികൾക്ക് അമ്പത് ശതമാനം മാത്രം പ്രവേശനം
250 ന് മുകളിലായാൽ സമ്പൂർണ്ണ നിയന്ത്രണം
..............
ലോക് ഡൗൺ നിയന്ത്രണം പാലിക്കാൻ എല്ലാവരും തയ്യാറാകണം. പ്രാഥമിക ചികിത്സയ്ക്ക് താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളെ ആശ്രയിക്കണം
സി.പി മുരളി , ആർ.എം.ഒ മെഡിക്കൽ കോളേജ്.......