കൊടുങ്ങല്ലൂർ: പഞ്ചശുദ്ധിയുടെ പൊരുൾ ഉൾക്കൊണ്ട് ജീവിക്കാനായാൽ കൊറോണക്കാലത്തെ അതിജീവിക്കാമെന്നുള്ള തിരിച്ചറിവിൽ കലാമണ്ഡലം ഡോ. ധനുഷ സന്യാൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മോഹിനിയാട്ടം നൃത്താവിഷ്കാരം വൈറലായി. സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത നൃത്ത പരിപാടിക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൂറ് കണക്കിന് ഷെയറും ലഭിച്ചു.
പഞ്ചശുദ്ധി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന ഗുരുവരുളിന്റെ കാലിക പ്രസക്തി, മോഹിനിയാട്ടത്തിലൂടെ ലോകത്തിന് പകരാനാണ് ശ്രമിച്ചതെന്ന് ഈ കലാകാരി വ്യക്തമാക്കുന്നു. ശുചിത്വം ശീലിക്കുന്നത് നമ്മുടെ സംരക്ഷണത്തിന് മാത്രമല്ല സഹജീവികളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന സന്ദേശമാണ് അവതരണം പകര്‍ന്നു നല്‍കുന്നതെന്ന് ഡോ. ധനുഷ സന്യാൽ പറഞ്ഞു.
സമൂഹം ശീലിക്കേണ്ട ശുചിത്വവും അതിന്‍റെ പ്രാധാന്യവും ഒരു നൂറ്റാണ്ട് മുമ്പേ ശ്രീനാരായണ ഗുരുദേവൻ അക്കമിട്ട് പറഞ്ഞിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ശരീരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, പ്രവൃത്തി ശുദ്ധി, ആഹാരശുദ്ധിയെന്ന പഞ്ചശുദ്ധി ധര്‍മ്മോപാസനമെന്ന ഗുരു സന്ദേശം ജനമനസുകളിലേക്കെത്തിക്കാനായില്ലെങ്കിൽ അത് വലിയൊരു തെറ്റായിപ്പോകുമെന്ന് ഈ കലാകാരി വിശ്വസിക്കുന്നു. ദൈവദശകത്തിന് മോഹിനിയാട്ടം ഭാഷ്യമൊരുക്കി 1500ൽ പരം നർത്തകരെ പരിശീലിപ്പിച്ച് നൃത്തം അവതരിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ധനുഷ, എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണയോടെ 50,00ൽ ഏറെ നർത്തകരെ വടക്കുന്നാഥന്റെ തിരുമുറ്റത്ത് അണി നിരത്തി കുണ്ഡലിനിപ്പാട്ടിന് മോഹിനിയാട്ട ഭാഷ്യമൊരുക്കി ഗിന്നസ് റെക്കാഡിലും ഇടം പിടിച്ചു.