തൃശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ ബയോ നീതി പ്രൊജക്ടിന്റെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തരിശ് ഭൂമിയിൽ ഇനി ജൈവകൃഷിക്ക് അരങ്ങൊരുങ്ങും. ബ്ലോക്കിലെ തരിശായി കിടക്കുന്ന പ്രദേശങ്ങളിൽ മുഴുവൻ നൂറ് മേനി വിളയിക്കാൻ കർഷക ഗ്രൂപ്പുകളുടെ കൂട്ടായ്മ രംഗത്തിറങ്ങി.

'സർവ്വതോഭദ്രം' എന്ന ഓർഗാനിക് ഗ്രൂപ്പ് 27 ഏക്കർ തരിശ് നിലങ്ങളിൽ കൃഷിയിറക്കി. അന്തിക്കാട് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതിക്കാവശ്യമായ ഒരുക്കം പൂർത്തിയാക്കിയത്.

കർഷകരെ ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതിക്ക് വേണ്ട നിർദ്ദേശം നൽകുന്നത്. ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിൽ തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി കൃഷി ചെയ്യാൻ താൽപ്പര്യമുള്ള കർഷകർക്കാണ് കൃഷിയിറക്കാനുള്ള സൗകര്യം ഒരുക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ 2019-20 സാമ്പത്തിക വർഷത്തിലെ 12 ഇന പരിപാടികളിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ബയോ നീതി പ്രൊജക്ടിന് തുടക്കമായത് . ചാഴൂർ പഞ്ചായത്തിലെ ഏഴ് ഏക്കറിലും താന്ന്യം പഞ്ചായത്തിലെ 14 ഏക്കറിലും അന്തിക്കാട് പഞ്ചായത്തിലെ ആറ് ഏക്കറിലും കൃഷിയിറക്കി.

...............................

കൃഷി ചെയ്ത് തുടങ്ങിയ ഇനങ്ങൾ


ചേന, ചേമ്പ്, ഇഞ്ചി, പയർ, മത്തങ്ങ, കുമ്പളം, വാഴ, ചുരയ്ക്ക, തക്കാളി, ചീര, പച്ചമുളക്, കാലാവസ്ഥ നോക്കി മാത്രം നെൽക്കൃഷി.


.......................................


മൂന്ന് പഞ്ചായത്തുകളിലായി 27 ഏക്കറിൽ പച്ചക്കറി കൃഷി തുടങ്ങി. അന്തിക്കാട് ബ്ലോക്കിലെ ചാഴൂർ, അന്തിക്കാട്, മണലൂർ, താന്ന്യം, അരിമ്പൂർ എന്നീ അഞ്ച് പഞ്ചായത്തുകളിലും കൃഷി തുടങ്ങും. ചാഴൂർ, അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിലാണ് ഇപ്പോൾ കൃഷി തുടങ്ങിയത്. കൃഷി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് മുഴുവൻ ജൈവ സർട്ടിഫിക്കേഷൻ വാങ്ങും. ഈ ഉത്പന്നങ്ങൾ മുഴുവൻ വിൽക്കാൻ ബ്ലോക്ക് ഓഫീസിന് മുമ്പിൽ ഇക്കോ ഷോപ്പ് (ജൈവ വിപണന കേന്ദ്രം) തുടങ്ങിയിട്ടുണ്ട്.


അന്തിക്കാട് ബി.ഡി.ഒ

ജോളി വിജയൻ.