കാഞ്ഞാണി: മണലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പി.ഡബ്ല്യു.ഡി റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് ദുരിതമാകുകയാണ്. മാമ്പുള്ളി,പാലാഴി എന്നിവടങ്ങളിലെ റോഡുകളിലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. ചെറിയ മഴയിൽപോലും റോഡ് പുഴയ്ക്ക് സമാനമായ അവസ്ഥയിലാകും. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ കനാലുകൾ നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം ഒഴുകിപോകാൻ മാർഗമില്ലാത്തതിനാൽ മഴക്കാലം ശക്തമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും വെള്ളംകയറി നിന്നു പോകുന്നതും ഇവിടെ പതിവ് സംഭവമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ ശരീരത്തിൽ ചെളി വെള്ളം തെറിക്കുന്നത് നിത്യകാഴ്ചയാണ്. നാട്ടുകാർ നിരവധി തവണ പരാതികളുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവശങ്ങളിലും കനാലുകൾ നിർമ്മിച്ച് വെള്ളം ഒഴുക്കിക്കളയാനുള്ള സൗകര്യം ഒരുക്കിയാൽ മാത്റമേ വെള്ളക്കെട്ടിന് പരിഹാരമാകുള്ളുവെന്ന് നാട്ടുകാർ അഭിപ്റായപ്പെടുന്നു.
......................
വെള്ളം ഒഴുക്കിവിടാൻ പഞ്ചായത്തുമായി ബന്ധപ്പെട്ട് അടിയന്തരമായി താത്കാലിക സംവിധാനമൊരുക്കും. മഴ മാറുന്നതോടെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ നിലവിൽ സംവിധാനം ഇല്ല. ഒഴുക്കി വിടാനുള്ള സംവിധാനം പഞ്ചായത്ത് ഒരുക്കുന്ന മുറയ്ക്ക് കനാൽ നിർമ്മിക്കാൻ വേണ്ട നടപടി ചെയ്യും.
- സന്ധ്യ
അസി എൻജിനിയർ
പി.ഡബ്ല്യു.ഡി വലപ്പാട്
..................................................
വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് സഹായം ആവശ്യപ്പെട്ടാൽ അതതു പ്രദേശങ്ങളിലെ നാട്ടുകാരുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും പി.ഡബ്ല്യു.ഡി അധികൃതർക്ക് ചെയ്ത് കൊടുക്കും.
- വി.ജി ശശി
പ്രസിഡന്റ്
മണലൂർ പഞ്ചായത്ത്