തൃശൂർ : ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കേരളത്തിന്റെ സാഹചര്യത്തില്‍ അനുയോജ്യമല്ലാത്തതും സാമ്പത്തികമായി നിലനില്‍ക്കാത്തതും 2016-ലെ കേന്ദ്ര ഖരമാലിന്യ ചട്ടത്തിലെ

വ്യവസ്ഥകളനുസരിച്ച് അനുവദനീയമല്ലാത്തതുമാണ് പദ്ധതി.

ഏറെക്കാലമായി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികേന്ദ്രീകൃത മാലിന്യസംസ്കരണ നയത്തിന് കടകവിരുദ്ധവുമാണ്. കൊച്ചി മുനിസിപ്പൽ കോർപറേഷനിലേയും സമീപത്തെ ആറു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജൈവ - അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിന് ജി. ജെ. എക്കോ‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പിട്ട കരാർ‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. എന്നാൽ , റദ്ദാക്കലിന് പിന്നിൽ കേവലം സാങ്കേതികത്വം മാത്രമാണെന്നും സാങ്കേതിക പ്രശ്നം പരിഹരിച്ച് എറണാകുളത്തും അതോടൊപ്പം മറ്റു ജില്ലകളിലും വേസ്റ്റ് ടു എനർജി പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചതുമായാണ് മനസിലാക്കുന്നതെന്നും സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.