ചേർപ്പ്: ഇരട്ടയപ്പന്റെ സംഗമഭൂമിയായ പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തിനകത്ത് വളർന്ന് പന്തലിച്ച് നിൽക്കുന്ന പേരില്ലാ മരം ഈ പരിസ്ഥിതി ദിനത്തിലും മനസിന് കുളിർമ്മയാകുന്നു. വർഷങ്ങൾ കാലപ്പഴക്കമുള്ള ഈ മരത്തിന്റെ പേര് പൂർവികർക്ക് പോലും നിശ്ചയമില്ല. പെരുവനം ക്ഷേത്രഗോപുരത്തിനോളം ഉയരമുള്ള മരം ക്ഷേത്രത്തിന്റെ തെക്കെ ഗോപുരഭാഗത്താണ് നിൽക്കുന്നത്.
കാലപ്പഴക്കം മൂലം ഇടക്കാലത്ത് മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണതൊഴിച്ചാൽ തലയെടുപ്പുള്ള ഗജവീരന്മാരുടെ പ്രൗഢിയാണ് ഈ മരത്തിന്. മരത്തിൽ നിന്ന് വീണ വിത്തുകളിലൂടെയും, പക്ഷികൾ കൊണ്ടിടുന്ന പഴങ്ങളിലൂടെയും, ക്ഷേത്രത്തിനടുത്തെ ചേരിക്കലം കൊട്ടാരവളപ്പിൽ പച്ചപ്പ് പരക്കുന്നത് അപൂർവതയാണെന്ന് മേളപ്രമാണി പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
ഈ മരത്തെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമാകാത്തതിനാൽ പുരാവസ്തു വകുപ്പുകൾക്ക് ക്ഷേത്രരേഖകളിൽ എഴുതിച്ചേർക്കാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്ര ഐതിഹ്യ പുസ്തകങ്ങളിലും, സ്മരണികകളിലും ഇടം നേടിയ ഈ പേരില്ലാ മരത്തെ കുറിച്ച് സംസ്‌കൃത ശ്ലോകവും പൂർവ്വികർ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തിനകത്തെ കൂവളമരങ്ങൾക്കൊപ്പം കാലാനുസൃതമായി ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചു പോരുന്ന ഈ മരത്തിന് താഴെ കാഞ്ഞിരം തൈകളും മറ്റു അനുബന്ധ ചെടികളും വളർന്നു വരുന്നുണ്ട്. പ്രദക്ഷിണവഴിയോട് ചേർന്ന് നിൽക്കുന്ന പേരില്ലാ മരത്തെ കുറിച്ച് അറിയാനും, ചിത്രങ്ങൾ പകർത്താനുമായി നിരവധി പേരാണ് ദിവസേന എത്തുന്നത്.