green
പൊലീസ് അക്കാഡമി കാമ്പസ്

തൃശൂർ: ചൊവ്വ, വ്യാഴം ദിനങ്ങളിൽ രാവിലെ 6.30 മുതൽ 8.30 വരെ രാമവർമ്മപുരം പൊലീസ് അക്കാഡമിയിലെ ജീവനക്കാരും പരിശീലനം നേടുന്നവരും കോമ്പൗണ്ടിനുള്ളിൽ കറങ്ങി നടക്കുന്നുണ്ടാകും, ചില്ല്, പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവയെല്ലാം പെറുക്കിയെടുക്കാൻ. ആഴ്ചയിലൊരിക്കൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ അതെല്ലാം കൊണ്ടുപോകും. രണ്ടുമാസത്തിനുളളിൽ അങ്ങനെ അക്കാഡമിയുടെ പടി കടന്നത് ടൺ കണക്കിന് മാലിന്യം.

ക്വാർട്ടേഴ്സ്, ട്രെയിനിംഗ് കമ്പനികൾ, ഡോഗ് സ്ക്വാഡിനുള്ള സ്കൂൾ, സേവനം പൂർത്തിയാക്കിയ ഡോഗ് സ്ക്വാഡിനുള്ള വിശ്രമകേന്ദ്രമായ വിശ്രാന്തി, പ്ളസ്ടു വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയം, പൊലീസ് ബാരക്കുകൾ, ആയുധപ്പുര, മെയിൻ ബ്ലോക്ക്, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, മൈതാനം, കാന്റീൻ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കാലങ്ങളിൽ കുന്നുകൂടിയിരുന്ന മാലിന്യങ്ങളാണത്.

പരിശീലനത്തിനായെത്തുന്നവരും പൊലീസ് ട്രെയിനികളും എസ്.ഐ കേഡറ്റുകളും എം.എസ്.സി ഫൊറൻസിക് സയൻസ് വിദ്യാർത്ഥികളും പരിശീലകരുമെല്ലാം മുടങ്ങാതെ ചെയ്ത അദ്ധ്വാനം ഫലം കണ്ടുവെന്ന് അക്കാഡമി പരിസരം സാക്ഷ്യപ്പെടുത്തുന്നു. പരിശീലനാർത്ഥികൾക്ക് പരിസ്ഥിതി വിഷയം പഠനഭാഗവുമാണ്. ജൈവവൈവിദ്ധ്യം, കാലാവസ്ഥാ മാറ്റം, ആഗോളതാപനം, മൃഗപരിപാലനം, പരിസ്ഥിതി സംരക്ഷണ നിയമം, നദീസംരക്ഷണ നിയമം , വനസംരക്ഷണ നിയമം എന്നിവയെല്ലാം പഠിക്കുന്നുണ്ട്.

വിദഗ്ദ്ധരായ അദ്ധ്യാപകരും, ശാസ്ത്രജ്ഞരുമാണ് ക്ലാസെടുക്കുന്നത്. ഇടതൂർന്ന വൃക്ഷങ്ങൾ, മനോഹര ജലാശയങ്ങൾ, അപൂർവ്വങ്ങളായ ഔഷധച്ചെടികൾ, വേഴാമ്പലും, മയിലും, മലയണ്ണാനും, കാട്ടുപന്നികളും, അപൂർവ്വയിനം പക്ഷികളും നിറഞ്ഞ കാമ്പസ് സിനിമകളുടെ ലൊക്കേഷൻ കൂടിയായിരുന്നു. അക്കാഡമി അങ്കണം പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാണിന്ന്.

വിസ്തൃതി: 348 ഏക്കർ.

ക്വാർട്ടേഴ്‌സ്: 184

ട്രെയ്‌നിംഗ് കമ്പനി: 10

പൊലീസ് ട്രെയിനികൾ: 1,300

എസ്.ഐ.കേഡറ്റുകൾ: 118

എം.എസ്.സി വിദ്യാർത്ഥികൾ: 20


പരിസ്ഥിതി ദിനത്തിൽ

ശലഭോദ്യാനം


നൂറിലേറെ മനോഹര ശലഭങ്ങളുടെ ആവാസകേന്ദ്രമായ അക്കാഡമിയിലെ അപൂർവ്വങ്ങളായ ശലഭങ്ങളെ കുറിച്ച് ഗവേഷണത്തിനായി വിദ്യാർത്ഥികൾ ഇവിടെയെത്താറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി ദിനത്തിൽ ശലഭോദ്യാനവും തുടങ്ങി. ഡി.ഐ.ജി ട്രെയ്‌നിംഗ് നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു.

മേൽനോട്ടം


ഡി.ഐ.ജി ട്രെയ്‌നിംഗ് നീരജ് കുമാർ ഗുപ്ത, ട്രെയിനിംഗ് അസി. ഡയറക്ടർമാരായ നവനീത് ശർമ്മ, കെ.കെ അജി, എസ്. അനിൽ കുമാർ, ഡിവൈ.എസ്.പിമാരായ പി.ടി ബാലൻ, കെ.എ ശശിധരൻ, സാജുപോൾ, എ.ജെ ജോർജ്ജ്, സി.കെ പ്രകാശൻ, ബെന്നി ജോസഫ് , ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ്