പുതുക്കാട്: മഴക്കാലത്തെ വെള്ളപ്പൊക്ക ഭീതിയിൽ പറപ്പൂക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള നൂറുകണക്കിന് വീട്ടുകാർ. നെൽക്കൃഷിക്കായി എല്ലാവർഷവും നിർമ്മിക്കുന്ന മുരിയാട് കായലിലെ പാലക്കുഴി തോട്ടിലെ (കെ.എൽ.ഡി.സി കനാൽ) താത്കാലിക തടയണ കാലവർഷാരംഭത്തിൽ നീക്കം ചെയ്യാത്തതാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറാൻ ഇടയാക്കുന്നത്. ഇത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപെടുത്തുന്നതാണ് ഈ പ്രദേശം വെള്ളത്തിൽ മുങ്ങാൻ ഇടവരുത്തുന്നത്.
കാർഷികാവശ്യത്തിന് കരുവന്നൂർ പുഴയിൽ നിന്നും വെള്ളം കൊണ്ടുവരുന്നതിനും കൃഷിപ്പണികൾ ആരംഭിക്കാൻ കായലിലെ വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതിനുമായി നിർമിച്ചതാണ് കെ.എൽ.ഡി.സി കനാൽ. കാക്കത്തുരുത്തിക്കടുത്ത് ഹരിപുരത്ത് കനോലി തോടിൽ ചേരുന്ന കെ.എൽ.ഡി.സി. കനാലിൽ കോന്തിപുലം പാലത്തിനു സമീപമാണ് എല്ലാ വർഷവും ഡിസംബറിൽ മൺചിറ നിർമ്മിക്കുക. മിക്കവാറും വർഷങ്ങളിൽ ചിറ നിർമ്മാണം ഒരേ കരാറുകാരനാണ് ഏറ്റെടുക്കുന്നത്. കാലവർഷാരംഭത്തിൽ മൺച്ചിറ പൊളിച്ചുനീക്കണമെന്ന വ്യവസ്ഥയോടെയാണ് കരാർ. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടക്കും. മണ്ണ് മാറ്റില്ല, കരാറുകാരന് അടുത്ത വർഷം ചിറ നിർമാണത്തിന് മണ്ണ് അടിക്കേണ്ടതിൽ കുറവ് മതി. ഇതാണ് പറപ്പൂക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാക്കുന്നതിന്റെ പ്രധാന കാരണം.
കോന്തിപുലത്ത് പുതിയ പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന സമയത്ത് ഷട്ടർ കൂടി സ്ഥാപിക്കുന്ന രീതിയിൽ പാലം നിർമ്മിക്കണമെന്ന് കർഷകർ ആവശ്യപെട്ടിരുന്നു. പക്ഷേ ആവശ്യം അധികൃതർ ചെവികൊണ്ടില്ല. പകരം ഓരോ വർഷവും ലക്ഷങ്ങൾ ചെലവാക്കി താൽകാലിക തടയണ നിർമ്മിക്കും. അഞ്ച് അടിയോളം ഉയരത്തിൽ ഇരുവശങ്ങളിലും മുളംകുറ്റികൾ സ്ഥാപിച്ചാണ് തടയണ നിർമ്മിക്കുന്നത്. തടയണയിലെ മുഴുവൻ മണ്ണും നീക്കം ചെയ്യണമെന്നാവശ്യപ്പെട് കേരള കർഷകസംഘവും സി.പി.എം ലോക്കൽ കമ്മിറ്റിയും തഹസിൽദാർക്ക് നിവേദനം നൽകി.
കനകമലയുടെ താഴ്‌വാരത്തു നിന്നാരംഭിക്കുന്നവ ഉൾപ്പടെ ഒട്ടേറെ ചെറു തോടുകൾ കോന്തി പുലത്തെ കെ.എൽ ഡി.സി തോട്ടിലാണ് ചേരുന്നത്. ഇവിടങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന മൺച്ചിറ അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
................................
താത്കാലിക തടയണയും വെള്ളപ്പൊക്കവും
ഓരോ വർഷവും ലക്ഷങ്ങൾ ചെലവാക്കി താത്കാലിക തടയണ നിർമ്മാണം
മിക്കവാറും വർഷങ്ങളിൽ ചിറ നിർമ്മാണം ഏറ്റെടുക്കുന്നത് ഒരേ കരാറുകാരൻ
കാലവർഷാരംഭത്തിൽ മൺച്ചിറ പൊളിച്ചുനീക്കണമെന്ന വ്യവസ്ഥയുണ്ട്
മണ്ണ് മാറ്റാത്തതിനാൽ വെള്ളം പൊങ്ങുന്നതിന് ഇടയാക്കുന്നു
കോന്തിപുലത്ത് പുതിയ പാലത്തിന്റെ രൂപരേഖ തയ്യാറാക്കുമ്പോൾ ഷട്ടർ കൂടി സ്ഥാപിക്കുന്ന രീതിയിൽ പാലം നിർമ്മിക്കണമെന്ന ആവശ്യവും നടപ്പിലായില്ല