ചാലക്കുടി; പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി ചാലക്കുടി ഡിവിഷന്റെ പരിധിയിൽ ഒന്നരലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും. ചാലക്കുടി നഗരസഭയ്ക്ക് പതിനായിരം തൈകളാണ് നൽകിയത്. ഔപചാരിക ഉദ്ഘാടനം നഗരസഭാ ഓഫീസ് പരിസരത്ത് ബി.ഡി. ദേവസി എം.എൽ.എ ഇന്ന് രാവിലെ 11ന് നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനത്തിനായി ഏഴായിരം തൈകൾ ലഭിച്ചു. എല്ലാ പഞ്ചായത്തുകളിലേക്കും ആയിരക്കണക്കിന് വൃക്ഷത്തൈകളും നൽകി. മറ്റു സാമൂഹികസാംസ്‌കാരിക സംഘടനകൾ വഴിയും തൈകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ പുറമെ വനം വകുപ്പ് നേരിട്ട് ഇരുപതിനായിരം വൃക്ഷത്തൈകൾ നട്ടുവളർത്തും. ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കോടശേരിയിലെ നാഗത്താൻപാറയിൽ ഇതിന്റെ ഉദ്ഘാടനം നടക്കും. ഇല്ലിയടക്കമുള്ള വന വൃക്ഷങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
....................................
കുളിർമയേകി കൂടപ്പുഴയിലെ അത്തിമരം
ചാലക്കുടി: വെള്ളിയാഴ്ച പരിസ്ഥിതി ദിനാഘോഷം, തണലേകി കൂടപ്പുഴയിലെ അത്തിമരം. പുത്തുപാടം കനാൽ റോഡിലെ അത്തിരമാണ് പടർന്നു പന്തലിക്കുന്നത്. കനാൽ ബണ്ടിന്റെ ഓരത്ത് വളരുന്ന ഇതുപക്ഷെ അപകടാവസ്ഥയിലാണ്. ഒരുഭാഗത്ത് കനാൽ ആയതിനാൽ വേരോട്ടത്തിന് തടസമുണ്ട്. എങ്കിലും പരിസര വാസികൾക്ക് തണലും കുളിർമയുമേകുന്ന അത്തിയുടെ തോഴൻ നഗരസഭ കൗൺസിലർ എം.എം. ജീജനാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു പരിസ്ഥിതി ദിനത്തിൽ അദ്ദേഹം തന്റെ വീടിന് സമീപത്തെ പൊതു നിരത്തിൽ നിരവധി വൃക്ഷത്തൈകൾ നട്ടു. ഇതിലൊന്നാണ് മനംകുളിർക്കെ കായ്കളുമായി നിൽക്കുന്ന അത്തിമരം. അത്തിയുടെ ഔഷധ ഗുണങ്ങൾ മനസിലാക്കാൻ ആരും ശ്രമിക്കാറില്ല. ഇതിന്റെ ഫലം, ബജിയുണ്ടാക്കാനും കറിവയ്ക്കാനും ഉത്തമമാണെന്ന തിരിച്ചറിവുള്ളവരും കുറവ്. ഇതു തന്നെയാണ് ജീജനും പറയാനുള്ളത്.