കൊടുങ്ങല്ലൂർ: മിനി സിവിൽ സ്റ്റേഷനിലെ ജലദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രതിഷേധവുമായി സർക്കാർ ജീവനക്കാർ രംഗത്തെത്തി. കൈ കഴുകുന്നതിനും പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ വനിതകളുൾപ്പടെയുള്ള ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടിലായതോടെയാണ് പ്രതിഷേധമായി മാറിയത്. എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൊവിഡ് മഹാമാരിക്കെതിരെ ബ്രേക്ക് ദി ചെയിൻ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഓഫീസുകളിലും കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും വെള്ളം കിട്ടാക്കനിയായതോടെ ഇത് നടപ്പിലാകുന്നില്ല. അതുവഴി ജനങ്ങളുടേയും ജീവനക്കാരുടേയും സുരക്ഷ അപകടത്തിലാകുന്നുണ്ട്. തഹസിൽദാരും പി.ഡബ്ല്യു.ഡി അധികൃതരും പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മിനി സിവിൽ സ്റ്റേഷന്റെ വാട്ടർ ടാങ്കിലേക്കുള്ള പമ്പിങ്ങ് തകരാറിലായതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ വെള്ളത്തിന്റെ ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. മോട്ടോർ തകരാർ പരിഹരിക്കുന്നതിന് പൊതുമരാമത്തിന്റെ സിവിൽ ഇലക്ട്രിക്കൽ വിഭാഗങ്ങൾ ശ്രമിക്കുന്നുണ്ടെന്നും തഹസീൽദാർ കെ.രേവ പറഞ്ഞു.