തൃശൂർ : പ്രളയ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് തോടുകളും പുഴകളും ശുചീകരിച്ച് ആഴം കൂട്ടുന്നത് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്, കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, കെ.എൽ.ഡി.സി, ദുരന്തനിവാരണ അതോറിറ്റി, വികസന എജൻസികൾ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്. മേയ് മാസത്തിലാരംഭിച്ച പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
കഴിഞ്ഞ വർഷം ഡാം തുറക്കും മുമ്പ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. തൊഴിലാളി ക്ഷാമമുണ്ടെങ്കിലും മഴ ശക്തിപ്രാപിക്കും മുമ്പ് പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറയുന്നു. പ്രളയ ജലനിർഗമന മുന്നൊരുക്കത്തിന്റെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ്, തോടുകളുടെ ശുചീകരണം, പുഴകളുടെ വീതികൂട്ടൽ , കൈയേറ്റം ഒഴിപ്പിക്കൽ, ജലസ്രോതസുകളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി ഒന്നരക്കോടിയാണ് ചെലവഴിക്കുന്നത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രവർത്തനവും നടക്കുന്നുണ്ട്.
ശുചീകരിച്ചത് 77.74 കിലോമീറ്റർ പുഴ
മണലിപ്പുഴ, കരുവന്നൂർ പുഴ എന്നിവ കടന്നു പോകുന്ന ജില്ലയിലെ 17 പഞ്ചായത്തുകളിലും മുനിസിപ്പിലാറ്റികളിലും കൂടി 77.74 കീലോമീറ്റർ ദൂരത്തിലെ ശുചീകരണ പ്രവർത്തനമാണ് പൂർത്തിയാക്കിയത്. വാഴാനി പുഴയുമായി ബന്ധപ്പെട്ട് ഇനി പുഴ ഒഴുകട്ടെ പദ്ധതി പ്രകാരവും ശുചീകരണ പ്രവർത്തനം നടന്നു വരികയാണ്.
വെള്ളം സംഭരിക്കാൻ ഡാമും സജ്ജം
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡാമുകളിൽ കൂടുതൽ ജലം സംഭരിക്കാൻ കഴിയുന്ന തരത്തിൽ മഴയ്ക്ക് മുമ്പ് തന്നെ കൂടുതൽ വെള്ളം കനാലുകളിലൂടെ തുറന്ന് വിട്ട് ജലവിതാനം ക്രമീകരിച്ചിട്ടുണ്ട്.
ഡാമുകളുടെ ജലവിതാനം
പീച്ചീ 67.5 മീറ്റർ
ചിമ്മിനി 59.01
വാഴാനി 46.67
പെരിങ്ങൽകുത്ത് 413.6
കോർപറേഷൻ ചെലവഴിച്ചത് രണ്ടരക്കോടി
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി രണ്ടരക്കോടിയാണ് ചെലവഴിക്കുന്നത്. പ്രധാന വെള്ളക്കെട്ട് പ്രദേശങ്ങളായ അയ്യന്തോൾ, പെരിങ്ങാവ് എന്നിവിടങ്ങളിലെ തോടുകളിലെ ചണ്ടി നീക്കലും ആഴം കൂട്ടലും നടന്നു വരികയാണ്.
...............
രണ്ടരക്കോടിയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഓരോ ഡിവിഷനുകളിലെയും കൗൺസിലർമാർ വെള്ളക്കെട്ട് ഒഴിവാക്കാൻ കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നൽകാനാണ് തീരുമാനം
അജിതാ ജയരാജൻ, മേയർ
..............
ജില്ലാ പഞ്ചായത്ത് വർഷക്കാലം ആരംഭിക്കുന്നതിന് മുമ്പേ പദ്ധതി തയ്യാറാക്കി. അത് ഫലപ്രദമായി നടപ്പാക്കാനുമായി. ജലപ്രയാണം പദ്ധതിയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനാകും
മേരി തോമസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്