തൃശൂർ : കൊവിഡ് ക്വാറന്റൈനിൽ ഇരിക്കുന്നവർ പുറത്തിറങ്ങുന്നത് ഗുരുതര പ്രശ്‌നമാണെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. കൊവിഡ് 19 പ്രതിരോധവും കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ക്വാറന്റൈൻ ലംഘിച്ചാൽ കർശന നടപടിയുണ്ടാവും.
ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും വരുന്നവർ വിവരം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അല്ലെങ്കിൽ നിരീക്ഷണ സംവിധാനം പാളും. ലോക്ഡൗൺ ഇളവുകൾ ജീവിതം സ്തംഭിക്കാതെ മുന്നോട്ടുപോകാനാണ്. അത് അനിയന്ത്രിതമായാൽ അപകടകരമായ സാഹചര്യത്തിലേക്ക് പോവും. 65 വയസിന് മുകളിൽ പ്രായമുള്ളവർ പുറത്തിറങ്ങരുതെന്നും മന്ത്രി പറഞ്ഞു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ ഹരി, അഡ്വ. സുമേഷ് കെ.ബി (സി.പി.ഐ) തുടങ്ങി വിവിധ കക്ഷി നേതാക്കൾ സംബന്ധിച്ചു..