കയ്പമംഗലം: മന്ത്രിമാർക്ക് തോർത്ത് മുണ്ട് വാങ്ങാൻ പോലും ലക്ഷങ്ങൾ ധൂർത്തടിക്കുന്ന പിണറായി സർക്കാർ സംസ്ഥാനത്തെ പട്ടികജാതി, ആദിവാസി, പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യങ്ങൾക്കായി ചില്ലിക്കാശുപോലും ചെലവാക്കുന്നില്ലെന്ന് ബി.ജെ.പി സെൽ കമ്മിറ്റിയംഗം പി.എസ് അനിൽകുമാർ പറഞ്ഞു. ആത്മഹത്യ ചെയ്ത പട്ടികജാതി വിദ്യാർത്ഥിനി ദേവികയുടെ കുടുംബത്തിന് സംരക്ഷണം നൽകുക, എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടിക ജാതി മോർച്ച കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സമരം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് കൊട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ബി അജയഘോഷ്, ശ്രീകാന്ത് ആയില്യംകാവ്, രാജേഷ് വെങ്കിടിങ്ങി, പി.വി സതീഷ്, അരുൺ എന്നിവർ സംസാരിച്ചു.