തൃപ്രയാർ: ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയിൽ പങ്കെടുക്കുവാനാവാത്ത നാട്ടിക ഏരിയയിലെ സ്കൂളുകളിലെ 600 കുട്ടികൾക്ക് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള ക്യാപ്റ്റൻ ലക്ഷ്മി സെഗാൾ കാരുണ്യ കേന്ദ്രം നൽകുന്ന ടി. വി സെറ്റുകളുടെ വിതരണോദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ആദ്യത്തെ സംരംഭം കൂടിയാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ ബാലൻ അദ്ധ്യക്ഷത വഹിക്കും. ഗീതഗോപി എം. എൽ.എ പങ്കെടുക്കും. എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനങ്ങളിൽ മാനേജർമാരുടെ കൂടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സി.പി.എം നാട്ടിക എരിയ സെക്രട്ടറി പി.എം അഹമ്മദ്, എം.എ ഹാരിസ് ബാബു, വി.കെ ജ്യോതിപ്രകാശ്, കെ.എ വിശ്വംഭരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.