മാള: പുതിയ സാഹചര്യത്തിൽ പഠനം അസാദ്ധ്യമാകുമെന്ന് കരുതിയ അനാമികയ്ക്ക് ഇനി വീട്ടിലിരുന്നു പഠിക്കാം. മാള ഹോളി ഗ്രേസ് അക്കാഡമി ടി.വി സമ്മാനിച്ചതോടൊപ്പം കേബിൾ ഓപറേറ്റേഴ്‌സ് അസോസിയേഷൻ മേഖലാ സെക്രട്ടറി ജോണി കേബിൾ കണക്‌ഷൻ സൗജന്യമായി നൽകിയതോടെയാണ് അനാമികയ്ക്കും ഓൺലൈൻ പഠനം സാദ്ധ്യമായത്.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങളും പുതിയ രീതിയിലുള്ള ക്ലാസുകളും ആദ്യമായി കണ്ടതിന്റെയും കേട്ടതിന്റെയും സന്തോഷത്തിലും ആശ്വാസത്തിലുമാണ് കുട്ടി. വി.ആർ. സുനിൽകുമാർ എം.എൽ.എയാണ് ടി.വി കെമാറിയത്. മകളുടെ സന്തോഷം അകക്കണ്ണ് കൊണ്ട് തിരിച്ചറിഞ്ഞ അമ്മ സുധയ്ക്കും നേരിൽ കാണാൻ കഴിയില്ലെങ്കിലും ഇതൊരു ആശ്വാസ നിമിഷമായി.
സ്വന്തം കണ്ണിലെ ഇരുട്ടകറ്റാൻ കഴിഞ്ഞില്ലെങ്കിലും സുധ, പ്രിയതമന്റെ കണ്ണുകൾ അടക്കമുള്ള അവയവങ്ങൾ കാണാമറയത്തുള്ളവർക്ക് ദാനം നൽകിയത് 2017 ഡിസംബർ 19 നായിരുന്നു. മാള വലിയപറമ്പ് സ്വദേശി പുത്തൻപുരയ്ക്കൽ മനോജിന് അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ചപ്പോൾ അവയവങ്ങൾ ദാനം നൽകാൻ ഭാര്യ സുധയും മക്കളായ അനാമികയും അഭിനവും സമ്മതം നൽകുകയായിരുന്നു.
അനാമികയെ ഗർഭിണിയായിരിക്കുമ്പോഴാണ് രോഗം ബാധിച്ച് സുധയുടെ കാഴ്ച നഷ്ടപ്പെട്ടത്. ഇപ്പോൾ അനാമിക പത്താം ക്ലാസിലെത്തിയപ്പോൾ പുതിയ രീതിയിൽ പഠനം നടത്താൻ ടി.വി വേണമെന്നിരിക്കെ സാധിച്ചുകൊടുക്കാൻ കഴിയാതെ രോഗിയായ അമ്മ വിഷമത്തിലായിരുന്നു. തുടർന്ന് മാള ഹോളി ഗ്രേസ് അക്കാഡമിയാണ് സഹായഹസ്തവുമായി എത്തിയത്.
മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിർമ്മിച്ചുനൽകിയ വീട്ടിലാണ് ഈ അമ്മയും മക്കളും കഴിയുന്നത്. കേബിൾ കണക്‌ഷനും ടി.വിയും ലഭിച്ചതോടെ ഇനി അനാമികയ്ക്ക് അൽപ്പം സ്മാർട്ടായി തന്നെ പഠനം തുടരാം.