മാള: മാള പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ പട്ടികജാതി പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വാങ്ങി നൽകിയിട്ടില്ലെന്ന് ആക്ഷേപം. ഈ പദ്ധതിയിലൂടെ പഞ്ചായത്തിൽ ഗുണഭോക്താക്കളായി വാർഡുകളിൽ നിന്ന് അർഹത ഉള്ള 29 പേരെ തിരഞ്ഞെടുക്കുകയും, ഇവർ കരാർ വയ്ക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ച് ടെണ്ടർ ചെയ്യാൻ പാടില്ല എന്നും കെൽട്രോൺ വഴി വാങ്ങണം എന്നും നിർദ്ദേശമുണ്ടായിരുന്നു. 29 പേർക്ക് ലാപ്‌ടോപിന് ആവശ്യമായ തുക 797191 രൂപ ട്രഷറി വഴി ബിൽ മാറി ഫെബ്രുവരി 24 ന് 23 പേരുടേയും, 26 ന് 6 പേരുടേയും തുക കെൽട്രോണിന് കൈമാറി. എന്നാൽ നാളിതുവരെ ലാപ്‌ടോപ് ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അംഗം ടി.കെ ജിനേഷ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പും, സർവ്വകലാശാലകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഏറെ ഗുണം കിട്ടുമായിരുന്നു. അടിയന്തരമായി ഗുണഭോക്താക്കൾക്ക് ലാപ്‌ടോപ് എത്തിച്ചു നൽകാൻ അധികൃതർ തയ്യാറാകണമെന്ന് ടി.കെ ജിനേഷ് ആവശ്യപ്പെട്ടു.