ചാവക്കാട്: കൊവിഡ് 19നെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ മുഖേന പഠനം നടപ്പിലാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് കൗൺസിൽ അംഗങ്ങളുടെയും നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന അദ്ധ്യാപകരുടെയും ബ്ലോക്ക് റിസോഴ്‌സ് സെന്റർ ഉദ്യോഗസ്ഥരുടെയും യോഗം നടന്നു. ചാവക്കാട് നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി.

ചാവക്കാട് നഗരസഭാ പരിധിയിൽ താമസിക്കുന്നവരും ടി.വിയോ, സ്മാർട്ട് ഫോണോ ഇല്ലാത്ത വിദ്യാർത്ഥികൾക്കായി 14 സെന്ററുകളിലായി ഓൺ ലൈൻ ക്ലാസുകൾ വീക്ഷിക്കുന്നതിനുള്ള സൗകര്യം ജൂൺ എട്ട് മുതൽ ആരംഭിക്കുന്നതിന് തീരുമാനിച്ചു. അംഗൻവാടികൾ, വായന ശാലകൾ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്.

പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി അംഗൻവാടി, വായനശാല സ്ഥിതി ചെയ്യുന്ന വാർഡ് കൗൺസിലർ, അംഗൻവാടി ടീച്ചർ, അംഗൻവാടി വർക്കർ സാക്ഷരതാ പ്രേരക് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. 1,2,5,6,8,13,14,16,17,20,21,22,23,24,25,26,27,28,30,32 എന്നീ വാർഡുകളിലായാണ് 14 സെന്ററുകൾ ആരംഭിക്കുന്നത്.