തൃശൂർ: ജില്ലയിൽ എട്ട് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ അഞ്ചു പേർക്കും സമ്പർക്കത്തിലൂടെ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേർ പുരുഷന്മാരും നാലുപേർ സ്ത്രീകളുമാണ്. പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഈ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനിക്കും. ഇതുവരെ ജില്ലയിൽ 94 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 13526 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി.
കൊവിഡ് ബാധ സ്ഥിരീകരിച്ചത്
മേയ് 27ന് അബുദാബിയിൽ നിന്നെത്തിയ വരവൂർ സ്വദേശി (50), 26ന് കുവൈറ്റിൽ നിന്നെത്തിയ മാടക്കത്തറ സ്വദേശിനി (32), 22ന് ഇറ്റലിയിൽ നിന്നെത്തിയ പുത്തൻചിറ സ്വദേശിനി (39), 26ന് കുവൈറ്റിൽ നിന്നെത്തിയ ചാലക്കുടി സ്വദേശിനി (44), 29ന് മുംബയിൽ നിന്നെത്തിയ താന്ന്യം സ്വദേശി (54), നേരത്തെ പോസിറ്റീവായ പൂത്തോൾ സ്വദേശിയുടെ മകൻ (14), ഊരകം സ്വദേശിയായ ആരോഗ്യ പ്രവർത്തക (51), കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകൻ (27) എന്നിവർക്കാണ് രോഗബാധയുണ്ടായത്.
ഇന്നലെ ജില്ലയിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 പേർ
ആശുപത്രി വിട്ടത് 8
പുതുതായി നിരീക്ഷണത്തിൽ 825 പേർ
ഒഴിവാക്കിയത് 802
പരിശോധനക്കയച്ചത് 209 സാമ്പിൾ
കൺട്രോൾ സെല്ലിൽ ലഭിച്ചത് 389 കാൾ
നിരീക്ഷണത്തിലാക്കിയ അന്തർസംസ്ഥാന യാത്രക്കാർ 26
സ്ക്രീനിംഗ്
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 661 പേർ
ശക്തൻ മാർക്കറ്റിൽ 384 പേർ