guruvayoor-elephant
guruvayoor

ഗുരുവായൂർ: ലോക് ഡൗണിന്റെ ഭാഗമായി ക്ഷേത്രം അടച്ചതിനാൽ ഗുരുവായൂർ ദേവസ്വത്തിന് വരുമാനത്തിൽ കോടികളുടെ നഷ്ടം. ഭണ്ഡാരം വരവാണ് ദേവസ്വത്തിന് ലഭിക്കുന്ന പ്രധാന വരുമാനം. പ്രതിമാസം നാല് കോടിയിലധികം രൂപയാണ് ഭണ്ഡാരത്തിൽ നിന്നും ലഭിക്കുക. കൂടാതെ സ്വർണം വെള്ളി ആഭരണങ്ങളും ഭണ്ഡാരത്തിൽ നിന്നും ലഭിക്കാറുണ്ട്.

മാർച്ച് പകുതിയോടെ പ്രവേശനം വിലക്കിയതോടെ രണ്ടര മാസമായി ഭണ്ഡാര വരവ് നിലച്ചു. ഭക്തരുടെ വരവ് നിന്നതോടെ ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ നിന്നുള്ള വരുമാനവും ഇല്ലാതായി. കൂടാതെ തുലാഭാരം, വഴിപാടുകൾ ശീട്ടാക്കുന്നത് എന്നിവയിലൂടെയുള്ള വരുമാനവും നിന്നു. വിവിധ ബാങ്കുകളിലുള്ള ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം മാത്രമാണ് ഇപ്പോഴുള്ളത്.

പത്ത് കോടിയോളം രൂപയാണ് പലിശയിനത്തിൽ പ്രതിമാസം ദേവസ്വത്തിന് ലഭിക്കുന്നത്. ഉദയാസ്തമന പൂജ,​ ചുറ്റുവിളക്ക് എന്നിവയ്ക്ക് വർഷങ്ങൾക്ക് മുമ്പേ ഭക്തർ പണം മുൻകൂർ അടച്ച് ബുക്ക് ചെയ്യുന്നത് പ്രകാരമാണ് നടന്നിരുന്നത്. നിലവിൽ ഇത്തരം ചടങ്ങുകൾ നടക്കുന്നില്ല. ദിവസവും താന്ത്രിക പ്രാധാന്യമുള്ള ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. അതേസമയം ചെലവിന്റെ കാര്യത്തിൽ കുറവില്ല. ദേവസ്വത്തിന് പ്രതിമാസം ഏറ്റവും കൂടുതൽ തുക ചെലവ് വരുന്നത് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ഇനങ്ങളിലാണ്. അഞ്ച് കോടി രൂപയാണ് ഈ ഇനത്തിൽ മാസച്ചെലവ്. ആനത്താവളത്തിലെ ആനകളുടെ പരിപാലനം, വേങ്ങാട് ഗോകുലത്തിൽ പശുക്കളുടെ പരിപാലനം എന്നിവയ്ക്കും ദേവസ്വത്തിന് മാസം ലക്ഷങ്ങളുടെ ചെലവുണ്ട്. ക്ഷേത്രത്തിൽ ചടങ്ങുകൾ ലോക്ഡൗൺ കാലയളവിലും കൃത്യമായി നടക്കുന്നുണ്ട്. പായസം, അപ്പം തുടങ്ങിയ പ്രസാദം ഭക്തർ ശീട്ടാക്കാത്തതിനാൽ കുറഞ്ഞ അളവിൽ മാത്രം തയ്യാറാക്കുന്നതിനാൽ ഈയിനത്തിൽ കാര്യമായ ചെലവില്ല.