ഗുരുവായൂർ: രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് തുടക്കം. ഇന്നലെ ഒമ്പത് വിവാഹം നടന്നു. രാവിലെ 6 മുതൽ 9 വരെ അഞ്ച് വിവാഹം നടന്നു. 10 മുതൽ 11 വരെ മൂന്നും പതിനൊന്നിന് ശേഷം ഒരു വിവാഹവും നടന്നു.
വധൂവരന്മാർ കിഴക്കേ ഗോപുരത്തിന് മുന്നിലെ ദീപസ്തംഭം വരെ വന്ന് ദർശനം നടത്തി. ഓരോ സംഘത്തിലും 10 പേർക്കാണ് അനുമതി കൊടുത്തത്. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം അണു വിമുക്തമാക്കി. മൂന്നു മണ്ഡപങ്ങളിൽ ഒന്നിലാണ് താലികെട്ട് നടത്തിയത്. കിഴക്കേ നടപ്പന്തൽ വഴിയാണ് പ്രവേശിപ്പിച്ചത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിശ്രമിക്കുന്നതിന് സൗകര്യമൊരുക്കി. ഇവിടെ നിന്നും ക്രമമനുസരിച്ചാണ് മണ്ഡപത്തിലേയ്ക്ക് കടത്തിവിട്ടത്. വിവാഹം ശീട്ടാക്കുന്നതിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. സെപ്തംബർ വരെയുള്ള വിവാഹങ്ങളാണ് ശീട്ടാക്കുന്നത്.
വിവാഹങ്ങൾ:
ഒടുവിൽ നടന്നത് : മാർച്ച് 15
ഇതുവരെ ശീട്ടാക്കിയത്: 58 വിവാഹം
കൂടുതൽ വിവാഹം: ജൂൺ 10ന് 11 എണ്ണം