ചാലക്കുടി: പരിസ്ഥിതി ദിനത്തിൽ വന്യമൃഗങ്ങൾക്കായി കാട്ടിൽ ഭക്ഷണം ലഭിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്. മാവ്, പ്ലാവ്,നെല്ലി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് നട്ടുവളർത്തുക. വനം വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ തൈകൾ നടും. തൊഴിലുറപ്പ് പദ്ധതിയിൽ ഇവയുടെ പരിപാലനവും നടത്തും. മൃഗങ്ങൾ ജനവസ കേന്ദ്രങ്ങളിൽ എത്തുന്നത് ഭക്ഷണത്തിന്റെ അപര്യാപ്തയാണെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ കായ്ക്കുന്ന മരങ്ങൾ കാട്ടിൽ വളർത്തണമെന്ന് അഭിപ്രായമുയർന്നു. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, വാഴച്ചാൽ ഡി.എഫ്.ഒ. എസ്.വി. വിനോദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതിന് അന്തിമ രൂപമായത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് , കോടശേരി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടും കൂടിയാണ് പദ്ധതി നടപ്പിലാക്കുക. മൂന്നു വർഷത്തെ പദ്ധതിയ്ക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ഫണ്ടും വിനിയോഗിക്കും. വേനൽകാലത്ത് മൃഗങ്ങളുടെ ദാഹം തീർക്കാൻ നാഗത്താൻപാറയിൽ കുളം നിർമ്മിക്കാനും തീരുമാനമായി. പ്രസിഡന്റ് കെ.കെ. ഷീജു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ വിജിൽദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.