മണ്ണുത്തി: നിർമ്മാണം പൂർത്തിയാകാത്ത കാനകളുടെ പണികൾ ഉടൻ ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കം. വരുംദിവസങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് ചാലുകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടങ്ങുമെന്ന് എം.പിയുടെ സാന്നിദ്ധ്യത്തിൽ ദേശീയപാത അതോറിറ്റി നിർമ്മൽ സേതിന്റെ ഉറപ്പ്. ടി.എൻ. പ്രതാപൻ എം.പിയും ദേശീയപാത അതോറിറ്റി നിർമ്മൽ സേതും മണ്ണുത്തിയിലെ വെള്ളക്കെട്ട് പ്രദേശം സന്ദർശിച്ച ശേഷം നടത്തിയ ചർച്ചയിലാണ് തീരുമാനം.

വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് ദേശീയപാത ഡയറക്ടറോട് എം.പി വിശദീകരിച്ചു. എത്രയും പെട്ടെന്ന് വെള്ളക്കെട്ട് പരിഹരിക്കുമെന്ന് പ്രൊജക്ട് ഡയറക്ടർ ഉറപ്പ് നൽകി. ബി.എസ്.എൻ.എൽ കേബിൾ, കുടിവെള്ള പൈപ്പ്‌ ലൈൻ, റിലയൻസ് കേബിൾ തുടങ്ങിയവ മാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗം വിളിക്കാൻ വേണ്ട നിർദേശങ്ങളും എം.പി നൽകി.

സന്ദർശന സംഘത്തിൽ യു.ഡി.എഫ് ചെയർമാൻ അനിൽ പൊറ്റേക്കാട്, മണ്ണുത്തി പൗരാവലി ചെയർമാൻ എം.യു. മുത്തു, കോർപറേഷൻ കൗൺസിലർ എം.ആർ. റോസിലി, സണ്ണി വാഴപ്പിള്ളി, ഭാസ്‌കരൻ കെ. മാധവൻ, ജിത്ത് ചാക്കോ, ആൽഫ്രഡ് മേനാച്ചേരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.