തൃപ്രയാർ: ഓട്ടോയാണ് സന്തോഷിന് ഉപജീവനമാർഗ്ഗം. പക്ഷേ തെരുവിൽ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവരെ കണ്ടാൽ മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചവരെയും കണ്ടാൽ സന്തോഷിന്റെ ഓട്ടോ താനെ നിൽക്കും. ഭക്ഷണം വാങ്ങി നൽകി കുളിപ്പിച്ച് സുന്ദരനാക്കി വിടും.
തെരുവിൽ അസുഖം ബാധിച്ച് അവശരായവരെ തന്റെ ഓട്ടോയിൽ കയറ്റി ഡോക്ടറുടെ അടുത്തെത്തിച്ച് മരുന്നും ആഹാരവും വാങ്ങി നൽകും. നാട്ടിക എ.കെ.ജി കോളനിക്ക് സമീപം ഓട്ടോ ഡ്രൈവർ കാളക്കൊടുവത്ത് സന്തോഷിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമാണിത്. 17 വർഷമായി തുടരുന്ന സേവനം. രോഗം ബാധിച്ച് കിടപ്പിലായ രോഗികളെ തേടിപ്പിടിച്ച് അവരുടെ വീടുകളിലെത്തിയും മുടി വെട്ടും.
ലോക്ഡൗണിൽ നാട്ടിക പഞ്ചായത്ത് ക്യാമ്പിൽ കഴിഞ്ഞിരുന്ന നിരവധി പേരുടെ മുടി വെട്ടി നൽകി. തുടർന്ന് മുടി വെട്ടാനുള്ള ട്രിമ്മർ കേടായി. ഇതോടെ സേവനപ്രവർത്തനങ്ങളും മുടങ്ങി. ഓട്ടോക്കാണെങ്കിൽ ഓട്ടവുമില്ല. സാമ്പത്തികമായി തകർന്നു. മകളുടെ വിവാഹത്തിനായെടുത്ത കടം വീട്ടാനാകുന്നില്ല. സന്തോഷിന്റെ നന്മയുള്ള മനസ് കണ്ടറിഞ്ഞയാളാണ് നേരത്തേ ട്രിമ്മർ വാങ്ങിനൽകിയത്. മറ്റൊന്ന് നേടാനുള്ള ശ്രമത്തിലാണപ്പോൾ സന്തോഷ്. എങ്കിൽ മാത്രമേ കാരുണ്യപ്രവർത്തനം തുടരാനാകൂ. വൃദ്ധസദനങ്ങളിലും ആശുപത്രികളിലുമെത്തി മുടി വെട്ടിനൽകാറുണ്ട്. ഇതുവരെ ആയിരത്തിലധികം പേർക്ക് മുടി സൗജന്യമായി മുറിച്ചുനൽകി.
26 വർഷമായി തൃപ്രയാർ പോളിജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്നു. അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വസ്ത്രങ്ങൾ നിറച്ച കവറുകളും മുടിവെട്ടാനുള്ള ഉപകരണവും സന്തോഷ് കരുതും. റോഡിൽ അലയുന്നവരെ കണ്ടെത്തി അവർക്ക് ഭക്ഷണം വാങ്ങിനൽകും. അഴുക്ക് പുരണ്ട വസ്ത്രങ്ങളുമായി നടന്നുപോവുന്ന നിരാലംബർക്ക് വസ്ത്രം എടുത്ത് നൽകും. കുളിക്കാത്തവരെ കുളിപ്പിച്ച് വൃത്തിയാക്കും. 60 വയസ് കഴിഞ്ഞവരിൽ നിന്നും മടക്കയാത്രയ്ക്ക് പണം വാങ്ങാറില്ല. തീർത്തും അവശരായവരെ ആശുപത്രിയിലെത്തിക്കും സൗജന്യമായി. എന്താണ് ഇക്കാലയളവിൽ സമ്പാദിച്ചതെന്ന ചോദിച്ചാൽ പുഞ്ചിരിയോടെ ഇത്രയും ആളുകളുടെ പ്രാർത്ഥന മാത്രമാണെന്നാകും മറുപടി. വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങിച്ചു നൽകുമ്പോൾ മനസിന് ലഭിക്കുന്ന സന്തോഷം മറ്റെവിടെ നിന്നും ലഭിക്കുമെന്ന മറുചോദ്യവും കൂടെയുണ്ടാകും. ഭാര്യ പ്രീതിയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം ഈ പ്രവർത്തനങ്ങളെ മനസ് കൊണ്ട് അംഗീകരിച്ച് കഴിഞ്ഞു.