തൃശൂർ: ജില്ലയിൽ ആശങ്ക വർദ്ധിപ്പിച്ച് സമ്പർക്കത്തിലൂടെ രോഗബാധ. ഇന്നലെ എട്ട് പേരിൽ മൂന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇതിൽ ഒരാൾ രോഗം വന്നയാളുടെ മകനാണ്. എന്നാൽ മറ്റ് രണ്ടു പേരുടെ രോഗമാണ് ആശങ്കയിലാഴ്ത്തിയത്. പൊറുത്തിശ്ശേരിയിൽ ആരോഗ്യ പ്രവർത്തകയുടെയും തൃശൂരിൽ സന്നദ്ധപ്രവർത്തകന്റെയും രോഗമാണ് വിഷമത്തിലാക്കുന്നത്.
പൊറത്തിശ്ശേരിയിൽ സമ്പർക്ക പട്ടിക തയാറാക്കി വരികയാണ്. അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. ഇവർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് അടുത്ത നടപടികളെ കുറിച്ച് തീരുമാനമെടുക്കും. തൃശൂരിൽ സന്നദ്ധ പ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തക നിരവധി പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ സമ്പർക്കത്തിലൂടെ രോഗം വന്നതോടെ നിയന്ത്രണം കൂടുതൽ കർശനമാക്കേണ്ടി വരും.