ചേലക്കര: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര നിയോജക മണ്ഡലത്തിൽ 319 ടൺ മത്സ്യം ഉത്പാദിപ്പിക്കുമെന്ന് യു.ആർ. പ്രദീപ് എൽ.എ. ഒമ്പത് പഞ്ചായത്തുകളിലായി 293 യൂണിറ്റ് പടുതാകുളം മത്സ്യക്കൃഷി, 26 യൂണിറ്റ് ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി എന്നിവയിലൂടെയാണ് 319 ടൺ മത്സ്യം ഉത്പദിപ്പിക്കുക.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി യു.ആർ. പ്രദീപ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഫിഷറിസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

ഈ രണ്ട് പദ്ധതികളുടെയും മേൽനോട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനവും ഫിഷറീസ് വകുപ്പും സംയുക്തമായി നിർവഹിക്കും. ഫിഷറീസ് വകുപ്പിന്റെ ഹാച്ചറികളിൽ നിന്നോ സർക്കാർ ഏജൻസിയായ അടാക്കിൽ നിന്നോ മത്സ്യ കുഞ്ഞുങ്ങളെ ലഭ്യമാക്കും. നിലവിൽ കുളങ്ങളിലും ഡാമുകളിലും കൃഷി ചെയുന്നതിന്റെ പുറമേയാണ് ഈ കൃഷി രീതി.

ലക്ഷ്യം

മത്സ്യ ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യം ഉറപ്പ് വരുത്തുക, സ്വന്തമായി കുളങ്ങളില്ലാത്ത, മത്സ്യക്കൃഷിയോട് താത്പര്യമുള്ള കുടുംബശ്രീ അയൽകൂട്ടം, സ്വയംസഹായ സംഘം, കർഷകർ എന്നിവരെ പ്രോത്സാഹിപ്പിക്കുക. മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക, പോഷകാഹാരം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉപഭോഗത്തിന്റെ 60 ശതമാനം ഉത്പാദനം ലക്ഷ്യം

ആകെ മത്സ്യ ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് ചേലക്കര മണ്ഡലത്തിൽ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ ഇത് 60 ശതമാനമായി ഉയർത്താൻ കഴിയും.

- എം.എൽ.എ. പറഞ്ഞു

ബയോ ഫ്ലോക്ക് മത്സ്യക്കൃഷി

ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് ഒരു യൂണിറ്റിന് 138000 രൂപയാണ് മൊത്തം ചെലവ് വരിക. ഇതിൽ 36800 രൂപ തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതവും 18400 രൂപ ഫിഷറിസ് വകുപ്പ് വിഹിതവും 82800 രൂപ ഗുണഭോക്തൃ വിഹിതവും ആണ്. ഒരു യുണിറ്റിൽ നിന്ന് വർഷത്തിൽ 2 തവണകളിലായി ഒരു ടൺ മത്സ്യം ഉത്പാദിപ്പിക്കാൻ കഴിയും. നെയിൽ തിലാപ്പിയ മത്സ്യമാണ് ഇതിൽ കൃഷി ചെയ്യുക.

പടുതാകുളം മത്സൃക്കൃഷി

പടുതാകുളം മത്സ്യക്കൃഷിരിതിക്ക് 123000 രൂപയാണ് മൊത്തം ചെലവു വരിക. ഇതിൽ 32800 രൂപ തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതവും 16400 രൂപ ഫിഷറിസ് വകുപ്പ് വിഹിതവും 73800 രൂപ ഗുണഭോക്തൃ വിഹിതവും ആണ്. ഒരു യൂണിറ്റിൽ നിന്ന് വർഷത്തിൽ ഒരു ടൺ മത്സ്യം ഉത്പാദിപ്പിക്കാൻ കഴിയും. ആസാം വാള മത്സ്യമാണ് കൃഷി ചെയ്യുക.