കൊടുങ്ങല്ലൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ ശ്രീനാരായണപുരത്ത് നിർവഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് മുതൽ എറിയാട് പഞ്ചായത്ത് വരെയുള്ള പെരുംതോടിന്റെ 35 കിലോമീറ്റർ ദൂരത്തിൽ ഇരുകരകളിലും 7000 ഇനം ഫലവൃക്ഷത്തെകളാണ് വച്ചുപിടിപ്പിക്കുന്നത്.

വനം വകുപ്പ് നൽകിയ പേര, റംബൂട്ടാൻ, സീതപ്പഴം, ചാമ്പ, മാതളം, ഞാവൽ, നെല്ലി, നാരകം, പ്ലാവ്, ഇലഞ്ഞി, പുളി, വുഡ് ആപ്പിൾ, പീനട്ട് ബട്ടർ തുടങ്ങിയ ഫലവൃക്ഷത്തൈകൾ തോടിന്റെ ഇരുവശങ്ങളിലും അഞ്ച് മീറ്റർ ദൂരം ഇടവിട്ട് വെച്ചു പിടിപ്പിക്കും. ഓരോ പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന തോടിന്റെ സ്ഥലവിസ്തീർണ്ണം അനുസരിച്ചാണ് തൈകളുടെ എണ്ണം നിശ്ചയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽനോട്ടത്തിലാണ് നടീൽ. ഫലവൃക്ഷത്തൈകളുടെ സംരക്ഷണം ഇവർക്കായിരിക്കും. മൂന്ന് വർഷം ഇവയെ പരിചരിച്ച് സംരക്ഷിക്കണമെന്നാണ് കരാർ. ഇതുവഴി കൂടുതൽ തൊഴിൽ ദിനം സൃഷ്ടിക്കാനാകും. ഇ.ടി ടൈസൺമാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് , മതിലകം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.