തൃശൂർ: തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിന്റെ നേതൃത്വത്തിൽ പൊലീസുകാർക്ക് ഓൺലൈൻ കോൺഫറൻസ് നടത്തി. ദുരന്തനിവാരണം, പാരിസ്ഥിതിക ശോഷണം, പ്രകൃതി ചൂഷകർക്കെതിരെയുള്ള പൊലീസ് നടപടിക്രമം എന്നിവ വിവരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.കെ കേശവൻ മുഖ്യപ്രഭാഷണം നടത്തി. ഐക്യരാഷ്ടസഭ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സുവോളജി പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, കേരള ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കേരള പൊലീസ് അക്കാഡമി ഡയറക്ടർ ഡോ.ബി. സന്ധ്യ സ്വാഗതവും പൊലീസ് ട്രയിനിംഗ് കോളേജ് പ്രിൻസിപ്പൽ ജോൺകുട്ടി നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് ഓഫീസർമാരും,സബ് ഇൻസ്‌പെക്ടർ, പൊലീസ് ട്രയിനികളുമടക്കം 1,500 പേർ ഓൺലൈനായി പങ്കെടുത്തു.