തൃശൂർ: താണിക്കുടം പുഴയുടെ സുഗമമായ ഒഴുക്കിന് തടസ്സമായി വിയ്യൂർ പാലത്തിന് കീഴെയുണ്ടായിരുന്ന കൽക്കെട്ടുകളും മണ്ണും നീക്കം ചെയ്തു. പഴയ പാലത്തിന്റെ അടിത്തറയും പുതിയ പാലം നിർമ്മിച്ചതിന്റെ അവശിഷ്ടങ്ങളും യഥാസമയം നീക്കം ചെയ്യാത്തത് കഴിഞ്ഞ രണ്ട് മഴക്കാലത്തും വിയ്യൂർ പാലത്തിനടിയിലൂടെയുള്ള നീരൊഴുക്കിനെ തടഞ്ഞിരുന്നു. പെരിങ്ങാവ് പ്രദേശത്ത് അനിയന്ത്രിതമായി വെള്ളക്കെട്ടുണ്ടാകുന്നതിനും ഇത് കാരണമായിരുന്നു. മഴക്കാലം തുടങ്ങിയിട്ടും അവശിഷ്ടങ്ങൾ പൊളിച്ചു നീക്കാത്തതിനെ തുടർന്ന് പെരിങ്ങാവ് നിവാസികൾ ഡിവിഷൻ കൗൺസിലർ പ്രസീജ ഗോപകുമാർ, പി.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി അഡ്വ.വി.എസ്. സുനിൽ കുമാറിനെ അറിയിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ യന്ത്രോപകരണങ്ങളുടെ സഹായത്താൽ അവശിഷ്ടങ്ങൾ ഒരാഴ്ച കൊണ്ട് നീക്കം ചെയ്യുകയായിരുന്നു.