aiyf
എ.ഐ.വൈ.എഫ് പ്രവർത്തകരിൽ നിന്ന് എരുമപ്പെട്ടി സ്‌കൂളിലെ അധ്യാപകർ ടിവി ഏറ്റുവാങ്ങുന്നു ,2. എ.ഐ.വൈ.എഫ് പ്രവർത്തകർ വിദ്യാർഥികൾക്ക് ടിവി കൈമാറുന്നു

എരുമപ്പെട്ടി: പത്ത് നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനത്തിനായി പുത്തൻ ടി.വികൾ നൽകി എ.ഐ.വൈ.എഫ് എരുമപ്പെട്ടി മേഖല കമ്മിറ്റി മാതൃകയാകുന്നു. 32 ഇഞ്ചിന്റെ പുത്തൻ ടിവികളാണ് കുട്ടികൾക്ക് സമ്മാനമായി നൽകിയത്. എരുമപ്പെട്ടി പഞ്ചായത്തിലെ ഒന്നും, രണ്ടും വാർഡുകളിൽ ഉൾപ്പെടുന്ന എരുമപ്പെട്ടി സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ടി.വികൾ നൽകിയത്.

മേഖലാ സെക്രട്ടറി കെ.ടി. റനോൾഡ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കബീർ മിലാനോ എന്നിവരിൽ നിന്ന് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ എ.എ. അബ്ദുൾ മജീദ്, കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ, സ്റ്റാഫ് സെക്രട്ടറി എം.എസ്. രാമകൃഷ്ണൻ എന്നിവർ ചേർന്ന് ടി.വികൾ ഏറ്റുവാങ്ങി ചടങ്ങിന്റെ ഉദ്ഘാടനം നടത്തി.

എ.ഐ.വൈ.എഫ് പ്രവർത്തകർ തിരഞ്ഞെടുത്ത വീടുകളിൽ നേരിട്ടെത്തിയാണ് ടി.വി കൈമാറിയത്. മേഖലാ പ്രസിഡന്റ് വി.ബി. അഭിലാഷ്, യൂണിറ്റ് സെക്രട്ടറി എ.ആർ. സുബീഷ്, എം.എ. നവാസ്, വിഷ്ണു, പ്രദീപ്, പി.എ. ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.