തൃശൂർ: കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണം കർശനമായി നടപ്പാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്താൻ പൊലീസ് മിന്നൽ പരിശോധന തുടങ്ങി.
ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിച്ചാണ് പരിശോധന. വീട്ടു നിരീക്ഷണം ലംഘിക്കുന്നത് കണ്ടെത്തിയാൽ അവരെ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി നിയമനടപടി സ്വീകരിക്കും. വാർഡ് തല സമിതി ഉൾപ്പെടെ ബൈക്ക് പട്രോൾ, ജനമൈത്രി പൊലീസ് എന്നിവരുടെ പരിശോധനയിൽ നിർദ്ദേശം ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നിരീക്ഷണത്തിൽ കഴിയുന്നവർ അടുത്തിടപഴകിയശേഷം വീട്ടുകാർ മറ്റ് വീടുകൾ സന്ദർശിക്കുന്നത് തടയും. ഇരുചക്രവാഹനം, ഓട്ടോ, കാറുകൾ എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് തടയും.