വടക്കാഞ്ചേരി: കേരളകൗമുദി വാർത്ത തുണയായി, സുഹൈബിന് ഇനി സ്മാർട്ടായി പഠനം തുടരാം. കുറാഞ്ചേരി അമ്പലത്ത് വീട്ടിൽ ആമിനയുടെ മകൻ സുഹൈബിന് ഓൺലൈൻ വഴി പഠനം നടത്താൻ വീട്ടിൽ ടി.വിയും സ്മാർട്ട് ഫോണും ഇല്ലെന്നത് സംബന്ധിച്ച വാർത്ത കേരളകൗമുദിയിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട വടക്കാഞ്ചേരി സങ്കീർത്തനത്തിലെ സംഗീതജ്ഞനായ കെ.പി. കേശവൻ നമ്പീശനാണ് സുഹൈബിന് സ്മാർട്ട് ഫോണും, ഇന്റർനെറ്റ് കണക്‌ഷനും നല്കാമെന്നേറ്റത്. ആര്യംപാടം സർവോദയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സുഹൈബ്. അമ്മ ആമിന അക്രികച്ചവടം നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

ആമിനയുടെ 97 വയസ്സുള്ള മാതാവ് ഫാത്തിമയും ഇവർക്കൊപ്പമാണ് താമസം. ഭർത്താവ് ഉപേക്ഷിച്ച ആമിനയുടെ പ്രതീക്ഷ മുഴുവൻ മകനിലാണ്. കൊവിഡ് മൂലം കഴിഞ്ഞ മൂന്നു മാസമായി ആക്രിക്കച്ചവടം മുടങ്ങിയിരിക്കുകയാണ്. നിത്യവൃത്തിക്ക് തന്നെ വകയില്ലാത്ത അവസ്ഥയിലാണ് മകൻ ഓൺലൈൻ പഠനകാര്യം വീട്ടിൽ അറിയിച്ചത്. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് കേരളകൗമുദി ഇക്കാര്യം വാർത്തയാക്കിയത്.

സങ്കീർത്തനത്തിൽ നടന്ന ചടങ്ങിൽ കെ.പി. കേശവൻ, ആമിനയുടെ മകൾ സുഹൈബിന് സ്മാർട്ട് ഫോൺ കൈമാറി. പഠിച്ചു മിടുക്കനാകണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സുഹൈബിന്റെ കണ്ണകൾ നിറഞ്ഞു. കെ.പി. കേശവൻ നമ്പീശന്റെ പത്‌നി നാരായണി ടീച്ചർ, മനോജ് സങ്കീർത്തനം, മഞ്ജുഷ, കേരളകൗമുദി വടക്കാഞ്ചേരി ലേഖകൻ രാജശേഖരൻ കടമ്പാട്ട് എന്നിവർ പങ്കെടുത്തു.