പുതുക്കാട്: മണലിപ്പുഴയിൽ ഓട്ടച്ചിറയ്ക്ക് മുൻ വശത്ത് പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നത് ഒരു സംഘം തടഞ്ഞു. നെന്മണിക്കര പഞ്ചായത്ത് പത്ത് ലക്ഷത്തോളം രൂപയ്ക്ക് ലേലം ചെയ്ത വ്യക്തി മണ്ണ് നീക്കം ചെയ്യുമ്പോഴായിരുന്നു തടയാൻ ശ്രമമുണ്ടായത്.
ജനകീയ സമിതിയുടെ നിരീക്ഷണത്തിലും പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലുമായിരുന്നു മണ്ണ് നീക്കിയിരുന്നത്. ടിപ്പറുകളിൽ അളവിൽ കൂടുതൽ മണ്ണ് കൊണ്ടു പോകുന്നതായി ആരോപിച്ചായിരുന്നു തടയൽ. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കി.
പുഴയിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിലാണ് പുഴയിൽ കളിമണ്ണ് അടിഞ്ഞുകൂടിയത്. മണ്ണ് നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരമായിരുന്നു പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണ് ലേലം ചെയ്ത് കൊടുത്തത്.