ചാലക്കുടി: തച്ചുടപ്പറമ്പ് പാടശേഖരത്തിൽ നിർമ്മിച്ച റോഡ് പൊളിച്ചുനീക്കാനുള്ള നഗരസഭയുടെ തീരുമാനം താത്കാലികമായി തടഞ്ഞുകൊണ്ട് തിരുവനന്തപുരം മുനിസിപ്പൽ ലാൻഡ് ട്രിബ്യൂണൽ കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തത്‌സ്ഥിതി തുടരണമെന്ന് ജഡ്ജ് മായദേവി നിർദ്ദേശിച്ചു.

തച്ചുടപറമ്പ് സ്വദേശി റോബിൻ ആന്റണി, അഡ്വ. അബ്ദുൾ ഷുക്കൂർ അറയ്ക്കൽ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്. തച്ചുടപ്പറമ്പ് പാടശേഖരത്തിൽ അനധികൃതമായി നിർമ്മിച്ച റോഡ് പൊളിച്ചു നീക്കുന്നതിന് കഴിഞ്ഞ മേയ് 30നായിരുന്നു ചാലക്കുടി നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചത്.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു തീരുമാനം. തുടർന്ന് നാട്ടുകാരനായ ഒരാൾ നഗരസഭയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. റോഡ് പൊളിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭയും ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം നടപ്പാക്കാൻ ചൊവ്വാഴ്ച നഗരസഭ ശ്രമിച്ചിരുന്നു.

എന്നാൽ പ്രശ്‌നത്തിൽ ഹൈക്കോടി ഇടപെട്ടതിനാൽ പൊലീസ് ഇതിനെതിരെ നിലപാട് സ്വീകരിച്ചു. ചൊവ്വാഴ്ചയിലെ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം തീരുമാനം എടുത്താൽ മതിയെന്നായിരുന്നു ഡിവൈ.എസ്.പിയുടെ നിർദ്ദേശം. ഇതോടെ സംഘർഷസാദ്ധ്യതയും ഒഴിവായി. ചൊവ്വാഴ്ചയിലെ ഹൈക്കോടതി ഉത്തരവ് നഗരസഭയ്ക്ക് അനുകൂലമായാൽ ലാൻഡ് ട്രിബ്യൂണൽ കോടതിയുടെ ഉത്തരവ് അപ്രസക്തമാകും.